
ന്യൂയോര്‍ക്ക് : ചിക്കാഗോ രൂപതയിലെ, സ്റ്റാറ്റന്‍ ഐലന്‍ഡിലെ ബ്ലെസ്ഡ് കുഞ്ഞച്ചന്‍ സിറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആചരിക്കുന്നു. ഈമാസം 27ന് വൈകിട്ട് നാലിന് ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബാന ആരംഭിക്കും. മിഷന്‍ ഡയറക്ടറും, വികാരിയുമായ ഫാ.സോജു വര്‍ഗ്ഗീസ് തിരുനാളിന് നേതൃത്വം വഹിക്കും. തിരുനാള്‍ കുര്‍ബാനയില്‍ ഫാ. ജേക്കബ് കിഴക്കേപള്ളിവാതുക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ. സിന്റോ കരോട്ടുമലയില്‍ തിരുനാള്‍ സന്ദേശവും ഫാ.സോജു വര്‍ഗ്ഗീസ് നൊവേന, വാഴ്വ്, ലദീഞ്ഞ് തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ രൂപവുമേന്തി ദേവാലയാങ്കണത്തിലൂടെ നടക്കുന്ന പ്രദക്ഷിണത്തിനു ശേഷം ലദീഞ്ഞും തുടര്‍ന്ന് സമാപന ആശീര്‍വാദത്തോടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കുന്നതുമാണ്. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും.
സ്റ്റാറ്റന്‍ ഐലന്‍ഡ് ബ്ലെസ്ഡ് കുഞ്ഞച്ചന്‍ സിറോ മലബാര്‍ മിഷന്റെ ഇടവകദിനാഘോഷം തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പാരിഷ് ഹാളില്‍ നടത്തപ്പെടും. സെന്റ് ജോസഫ് റോമന്‍ കത്തോലിക്കാ ഇടവകയുടെ വികാരി പാരിഷ് ഡേ ഉദ്ഘാടനം ചെയ്യും.
കലാപരിപാടികളും സ്‌നേഹ വിരുന്നും ക്രമീകരിക്കുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷത്തെ തിരുനാള്‍ തങ്കച്ചന്‍ മാത്യു കാരക്കാട്ട്, ഷാജി മാത്യു കാരക്കാട്ട് എന്നിവരുടെ കുടുംബങ്ങളാണ് ഏറ്റെടുത്തു നടത്തുന്നത്.















