
വാഷിംഗ്‌ടൺ: അമേരിക്കയിൽ വിവിധ വിസകളിൽ കഴിയുന്ന വിദേശികൾക്ക് രാജ്യത്തിനകത്തെ വിമാനയാത്രകളിൽ പോലും കനത്ത സുരക്ഷാഭീഷണിയും തടങ്കൽ സാധ്യതയുമുള്ളതായി ഇമിഗ്രേഷൻ വിദഗ്ധരുടെ മുന്നറിയിപ്പ്. വിസ കാലാവധി കഴിഞ്ഞിട്ടും അത് നീട്ടാനോ, സ്റ്റാറ്റസ് മാറ്റാനോ അപേക്ഷ നൽകി കാത്തിരിക്കുന്നവരാണ് വിമാനത്താവളങ്ങളിൽ വ്യാപകമായി പരിശോധിക്കപ്പെടുകയും തടഞ്ഞുവെക്കപ്പെടുകയും ചെയ്യുന്നത്.
അത്യാവശ്യ ഘട്ടങ്ങളിലൊഴികെ യു.എസിനകത്തെ ആഭ്യന്തര വിമാന സർവീസുകൾ ഒഴിവാക്കണമെന്ന് പ്രമുഖ ഇമിഗ്രേഷൻ അഭിഭാഷകർ മുന്നറിയിപ്പ് നൽകുന്നു. കാലിഫോർണിയ, കൊളറാഡോ, ഫ്ലോറിഡ, ഇല്ലിനോയിസ്, കൻസാസ്, മിഷിഗൺ, ന്യൂജേഴ്‌സി, ടെക്സസ്, വിർജീനിയ എന്നീ ഒൻപതോളം പ്രധാന സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ അടുത്തിടെയായി ഇത്തരം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവരാണ് ഇത്തരത്തിൽ നടപടികൾക്ക് ഇരയാകുന്നത്. അപേക്ഷകളിൽ അന്തിമ തീരുമാനമാകുന്നതുവരെ രാജ്യത്ത് തുടരാൻ മുൻപ് നിയമപരമായി അനുവദിച്ചിരുന്ന തൊഴിൽ അനുമതി പത്രം, അഡ്വാൻസ് പരോൾ തുടങ്ങിയ രേഖകൾ കൈവശമുള്ളവരെ പോലും ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുന്നുണ്ട്.
നിയമപരിരക്ഷ ഉറപ്പില്ലെന്ന് വിദഗ്ധർ
വിമാനത്താവളങ്ങളിൽ ആളുകളെ തടങ്കലിലാക്കുന്ന സംഭവങ്ങളിൽ പെട്ടെന്നുണ്ടായ വർദ്ധനവ് അതീവ ആശങ്കാജനകമാണെന്ന് പ്രമുഖ ഇമിഗ്രേഷൻ അറ്റോർണി രാജീവ് ഖന്ന വ്യക്തമാക്കി. യാത്ര പുറപ്പെടുന്നതിന് മുൻപ് ഇമിഗ്രേഷൻ അഭിഭാഷകരുമായി ആലോചിക്കണമെന്നും, അപ്രതീക്ഷിത താമസം നേരിടാൻ തയ്യാറായി എല്ലാ യാത്രാ-വിസ രേഖകളും കയ്യിൽ കരുതണമെന്നും അദ്ദേഹം ഉപദേശിച്ചു.
ആഭ്യന്തര വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് പരിശോധനകൾ കർശനമാക്കിയിട്ടുണ്ടെന്ന് ബിസിനസ് ഇമിഗ്രേഷൻ അറ്റോർണി ലൂസി മഗാർഡിഷ്യൻ ചൂണ്ടിക്കാട്ടി. വിസ നീട്ടുന്നതിനായി അപേക്ഷ (EOS/COS) സമർപ്പിച്ചിട്ടുണ്ട് എന്നത് നിലവിലെ സാഹചര്യത്തിൽ അറസ്റ്റിൽ നിന്നോ മറ്റ് കടുത്ത നടപടികളിൽ നിന്നോ പൂർണ്ണ സംരക്ഷണം നൽകില്ലെന്നും അവർ ഓർമ്മിപ്പിച്ചു.
ആരെയൊക്കെ ബാധിക്കും
നിലവിൽ കൃത്യമായ വിസ സ്റ്റാറ്റസ് ഇല്ലാത്തവരാണ് ഏറ്റവും വലിയ റിസ്ക നേരിടുന്നത്. മുൻകാലങ്ങളിൽ അപേക്ഷാ രസീതുകൾ കാണിച്ച് വിമാനയാത്രകൾ സുഗമമായി നടത്താമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി, വിമാനം ഇറങ്ങുന്നതിന് മുൻപോ ശേഷമോ യാത്രക്കാരെ ഐസ് അധികൃതർ തടഞ്ഞുവെക്കുന്നതായാണ് വിവരം. വിസ കാലാവധി തീരുന്നതിന് മുൻപ് നിയമപരമായി ‘I-485 അഡ്ജസ്റ്റ്മെൻ്റ്’ അപേക്ഷ നൽകിയവരെ പോലും ചില സാഹചര്യങ്ങളിൽ പ്രത്യേക മുൻഗണനാ ക്രമത്തിൽ കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ടെന്ന് അറ്റോർണി സുയി എച്ച് ലീ വ്യക്തമാക്കുന്നു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി അടിയന്തര പ്രാധാന്യമില്ലാത്ത യാത്രകളും വിനോദയാത്രകളും പൂർണ്ണമായും ഒഴിവാക്കാനാണ് വിസ ഉടമകൾക്ക് ലഭിക്കുന്ന നിർദ്ദേശം.
US visa holders face detention at airports; warned to avoid domestic travel














