മേടപ്പുലരിയെ കണികണ്ടുണര്‍ന്ന് ഇന്ന് വിഷു

സ്‌നേഹവും സാഹോദര്യവും പങ്കുവെച്ച് മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കണി കണ്ടുണര്‍ന്നും ഉത്സാഹഭരിതമായ വിഷുക്കാഴ്ചയിലേക്കാണ് ഇന്ന് കേരളക്കര മിഴിതുറക്കുന്നത്. വിഷു കൈ നീട്ടം നല്‍കിയും പുത്തന്‍കോടി അണിഞ്ഞും ക്ഷേത്ര ദര്‍ശനം നടത്തിയും വിഷു സദ്യ ഉണ്ടാക്കിയും ആഘോഷങ്ങള്‍ക്ക് മിഴിവേകും.

വിഷുപ്പുലരിയില്‍ ശബരിമലയിലും ഗുരുവായൂര്‍ ക്ഷേത്രത്തിലുമടക്കം വന്‍ തിരക്കാണ്. വിവിധ ക്ഷേത്രങ്ങളില്‍ വിഷുദിനത്തില്‍ ദര്‍ശനത്തിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു.നാനാ ജാതി മതസ്ഥര്‍ ഒത്തൊരുമയോടെ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്, ഈ അപകടത്തെ തിരിച്ചറിഞ്ഞു നാം പ്രതിരോധിക്കണം .സാഹോദര്യവും സമത്വവും പുലരുന്ന ഒരു പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി ഈ വിഷു ആഘോഷങ്ങള്‍ മാറട്ടെ എന്ന് മുഖ്യമന്ത്രി ആശംസ കുറിപ്പില്‍ പറഞ്ഞു.

മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് സ്പീക്കര്‍ എ.എന്‍ ഷംസീറും. കാര്‍ഷിക കേരളം അതിന്റെ വിളകളേയും സമൃദ്ധമായ വിളവെടുപ്പുകളേയുമാണ് കണി കാണുന്നത്. ഐശ്വര്യത്തേയും സമൃദ്ധിയേയും എല്ലാവരും ഒന്നുചേര്‍ന്ന് വരവേല്‍ക്കുന്നു. സമഭാവനയും സ്‌നേഹവും സാഹോദര്യവും പുലരുമ്പോഴാണ് ഐശ്വര്യവും സമൃദ്ധിയും അര്‍ത്ഥപൂര്‍ണമാകുന്നത്. അത്തരത്തില്‍ അര്‍ത്ഥപൂര്‍ണമായ വിഷു ആശംസിക്കുന്നു എന്ന്് സ്പീക്കറും ആശംസകള്‍ നേര്‍ന്നു.