ട്രംപിനെതിരായ വധശ്രമം : മേല്‍ക്കൂരയില്‍ തോക്കു ധാരി, എത്തിപ്പെടാനാകാതെ പൊലീസ്…പുതിയ ബോഡി ക്യാമറ വീഡിയോ പുറത്തുവിട്ടു

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരായ വധശ്രമവുമായി ബന്ധപ്പെട്ട പുതിയ വീഡിയോ പുറത്ത്. സംഭവത്തിനിടയില്‍ പെന്‍സില്‍വാനിയയിലെ ബട്ലറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.

വീഡിയോയില്‍ തോക്കുധാരി വെടിയുതിര്‍ത്ത മേല്‍ക്കൂരയിലേക്ക് കയറാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതും പിന്നീട് വെടിയേറ്റ് കിടക്കുന്ന 20 കാരനായ അക്രമിയുടെ രക്തത്തില്‍ കുളിച്ച ശരീരവും കാണാം. അക്രമിയെ നേരിടാന്‍ ഉദ്യോഗസ്ഥര്‍ നെട്ടോട്ടമോടുന്നതും അവനിലേക്ക് എത്താന്‍ നന്നേ ബുദ്ധിമുട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.

ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഷൂട്ടിംഗിന് മുമ്പുള്ള നിമിഷങ്ങളും അതിനു ശേഷമുള്ളതും പതിഞ്ഞിട്ടുണ്ട്. തോക്കുധാരിയായ തോമസ് മാത്യു ക്രൂക്സ്, വെടിവയ്പ്പിന് മൂന്ന് മിനിറ്റ് മുമ്പ് ട്രംപിന്റെ വേദിക്ക് അഭിമുഖമായുള്ള ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയിലൂടെ നടക്കുമ്പോള്‍ ഒരു ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയില്‍ ചെറുതായി പതിഞ്ഞിരുന്നു. ഇത് ദൃശ്യങ്ങളിലുണ്ട്. അതേത്തുടര്‍ന്ന് സംശയാസ്പദമായി ഒരാള്‍ റാലിയില്‍ നിന്ന് മാറിപ്പോകുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ഇതും ദൃശ്യങ്ങളിലുണ്ട്.

മറ്റൊരു ബോഡി ക്യാമറ ക്ലിപ്പില്‍ ഒരു ഉദ്യോഗസ്ഥനെ തന്റെ സഹപ്രവര്‍ത്തകന്‍ എടുത്തുയര്‍ത്തി മേല്‍ക്കൂരയുടെ മുകളില്‍ ഒരാളുണ്ടെന്ന് കാണിക്കുന്നുണ്ട്. പക്ഷേ അവിടേക്ക് എത്തിപ്പെടാനാകുന്ന സാഹചര്യമില്ലായിരുന്നു. അയാളുടെ കയ്യില്‍ ആയുധമുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന് വ്യക്തമായിരുന്നു. തന്നെ അയാള്‍ കണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ സഹ പ്രവര്‍ത്തകനോട് പറഞ്ഞു.

വെടിവയ്പ്പിന് ശേഷം ഉദ്യോഗസ്ഥര്‍ക്കിടയില്‍ നടന്ന ചില സംഭാഷണത്തില്‍, ഒരാളെ മേല്‍ക്കൂരയില്‍ പോസ്റ്റുചെയ്യുന്നതിനെക്കുറിച്ചുള്ള തന്റെ ഉപദേശം ശ്രദ്ധിക്കാത്തതിന് ഒരു ഉദ്യോഗസ്ഥന്‍ രഹസ്യാന്വേഷണ വിഭാഗത്തെ വിമര്‍ശിക്കുന്നത് കേള്‍ക്കാം.

ജൂലൈ 13 ന് പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് ട്രംപിന് വെടിയേറ്റത്. വലത്തെ ചെവിയുടെ മുകള്‍ ഭാഗത്ത് നിസാര പരിക്കാണ് ഉണ്ടായത്. സംഭവത്തില്‍ കാണികള്‍ക്കിടെയിലുണ്ടായിരുന്ന ഒരാള്‍ക്കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇപ്പോഴും അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

More Stories from this section

family-dental
witywide