
ഹൂസ്റ്റൺ: യു.എസിലെ ഹൂസ്റ്റണിൽ ട്രാഫിക് സിഗ്നലിൽ വെച്ച് ഇമിഗ്രേഷൻ ഏജൻ്റുമാർ നടത്തിയ വെടിവെപ്പിൽ മെക്സിക്കൻ പൗരൻ കൊല്ലപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവത്തിൽ ലോറെൻസോ സാൽഗാഡോ അറൗജോ (52) എന്നയാളാണ് മരിച്ചത്. എന്നാൽ, ഇമിഗ്രേഷൻ വിഭാഗം ലക്ഷ്യമിട്ട യഥാർത്ഥ പ്രതിയായിരുന്നില്ല കൊല്ലപ്പെട്ട സാൽഗാഡോ എന്ന് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റ് (ഡിഎച്ച്എസ്) പിന്നീട് സ്ഥിരീകരിച്ചു.
രാവിലെ ജോലിസ്ഥലത്തേക്ക് മൂന്ന് സഹപ്രവർത്തകർക്കൊപ്പം വാനിൽ പോവുകയായിരുന്ന സാൽഗാഡോയെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയായിരുന്നു. തങ്ങൾ നിരീക്ഷിച്ചുവന്ന പ്രതിയുടെ വാഹനവുമായി സാദൃശ്യമുള്ളതിനാലാണ് വാൻ തടഞ്ഞതെന്നാണ് ഡി.എച്ച്.എസ് നൽകുന്ന വിശദീകരണം. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സാൽഗാഡോ വാഹനം കൊണ്ട് ഐ.സി.ഇ ഉദ്യോഗസ്ഥരെ ഇടിക്കാൻ ശ്രമിച്ചെന്നും, തുടർന്ന് സ്വയംരക്ഷാർത്ഥമാണ് വെടിയുതിർത്തതെന്നും അധികൃതർ ആരോപിച്ചു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അധികൃതരുടെ വാദം തള്ളി ദൃക്‌സാക്ഷികളും കുടുംബവും
അതേസമയം, യു.എസ് ഉദ്യോഗസ്ഥരുടെ വാദങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് വാഹനത്തിലുണ്ടായിരുന്ന സഹപ്രവർത്തകരും കൊല്ലപ്പെട്ടയാളുടെ കുടുംബവും വ്യക്തമാക്കി. ഉദ്യോഗസ്ഥർക്ക് നേരെ വാൻ ഓടിച്ചു കയറ്റാൻ ശ്രമിച്ചിട്ടില്ലെന്നും ഏജൻ്റുമാരുടെ ജീവന് യാതൊരുവിധ ഭീഷണിയും ഉണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷികളുടെ അഭിഭാഷകൻ പറഞ്ഞു. കഴിഞ്ഞ 30 വർഷമായി ഹൂസ്റ്റണിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്യുന്ന സാൽഗാഡോയ്ക്ക് യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ലെന്നും, വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് തൊട്ടടുത്തായിരുന്നു ഇയാളെന്നും കുടുംബം അറിയിച്ചു.
വെടിവെപ്പ് നടക്കുമ്പോൾ ഉദ്യോഗസ്ഥർ ബോഡി ക്യാമറകൾ ധരിച്ചിരുന്നില്ലെന്നതും സംഭവത്തിൻ്റെ ചിത്രങ്ങളോ വീഡിയോകളോ ലഭ്യമല്ലെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.
വ്യാപക പ്രതിഷേധം; ഫെഡറൽ അന്വേഷണം ആരംഭിച്ചു
സംഭവത്തെ തുടർന്ന് ഹൂസ്റ്റണിൽ വൻ ജനകീയ പ്രതിഷേധമാണ് അരങ്ങേറുന്നത്. നാല് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗങ്ങൾ സംഭവത്തിൽ അടിയന്തരവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഫെഡറൽ ഏജന്റുമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാവശ്യമായ ബലപ്രയോഗത്തിൻ്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് അവർ കുറ്റപ്പെടുത്തി.
സംഭവത്തിൽ ഡി.എച്ച്.എസിൻ്റെ ആഭ്യന്തര നിരീക്ഷണ വിഭാഗവും എഫ്.ബി.ഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഫെഡറൽ നിയമപ്രകാരം ഹൂസ്റ്റൺ പൊലീസിന് ഫെഡറൽ ഏജൻ്റുമാർക്കെതിരെ സ്വതന്ത്ര അന്വേഷണം നടത്താൻ പരിമിതികളുണ്ടെന്ന് ഹൂസ്റ്റൺ പൊലീസ് ചീഫ് വ്യക്തമാക്കി.
യു.എസിനെതിരെ നിയമനടപടിയുമായി മെക്സിക്കോ
അതേസമയം, തങ്ങളുടെ പൗരൻ ദാരുണമായി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ യു.എസ് സർക്കാരിനെതിരെ കർശന നിയമനടപടിയുമായി മെക്സിക്കൻ സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. യു.എസ് കസ്റ്റഡിയിലും ഐ.സി.ഇ നടപടികൾക്കിടയിലും തങ്ങളുടെ പൗരന്മാർ മരിച്ച സംഭവങ്ങളിൽ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യാൻ മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷീൻബൗം നിർദ്ദേശം നൽകി. ഐ.സി.ഇ കസ്റ്റഡിയിൽ 14 മെക്സിക്കൻ പൗരന്മാരും, അറസ്റ്റ് നടപടികൾക്കിടെ മറ്റ് 3 പേരും മരിച്ചതായി മെക്സിക്കൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിൻ്റെ പുതിയ ഇമിഗ്രേഷൻ നയങ്ങളുടെ ഭാഗമായി നടക്കുന്ന നടപടികൾക്കിടെ കൊല്ലപ്പെടുന്ന എട്ടാമത്തെ വ്യക്തിയാണ് ലോറെൻസോ സാൽഗാഡോ.
Mexican citizen shot dead by immigration agents in Houston; US authorities say someone else was targeted, FBI launches investigation















