
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യന്‍- അമേരിക്കന്‍ ഫിസിഷ്യനും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ ജെയ് ഭട്ടാചാര്യയെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) നയിക്കാന്‍ നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.
സ്റ്റാന്‍ഫോര്‍ഡില്‍ പരിശീലനം ലഭിച്ച 55 കാരനായ ഭട്ടാചാര്യ അടുത്തിടെ റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ സന്ദര്‍ശിച്ചിരുന്നു. യുഎസ് ബയോമെഡിക്കല്‍ ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എന്‍ഐഎച്ച് പുനഃസ്ഥാപിക്കുന്നതിനുള്ള തന്റെ കാഴ്ചപ്പാടുകൊണ്ട് കെന്നഡിയെ അദ്ദേഹം ആകര്‍ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. ക്രിയേറ്റീവ് ഗവേഷണത്തിന് മുന്‍ഗണന നല്‍കാനും ദീര്‍ഘകാല തൊഴില്‍ ഉദ്യോഗസ്ഥരുടെ സ്വാധീനം കുറയ്ക്കാനും എന്‍ഐഎച്ച് പുനഃക്രമീകരിക്കണമെന്ന് ഭട്ടാചാര്യ ആവശ്യപ്പെട്ടു.
മാത്രമല്ല, രാജ്യത്തിന്റെ മുന്‍ ചീഫ് മെഡിക്കല്‍ അഡൈ്വസറായ ഡോ. ആന്റണി ഫൗസിയുടെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് ഭട്ടാചാര്യ.
1968-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ഭട്ടാചാര്യ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എം.ഡിയും പി.എച്ച്.ഡിയും നേടി, നിലവില്‍ സ്റ്റാന്‍ഫോര്‍ഡില്‍ ഹെല്‍ത്ത് പോളിസി പ്രൊഫസറാണ്. അദ്ദേഹം യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ ഡെമോഗ്രഫി ആന്‍ഡ് ഇക്കണോമിക്‌സ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഏജിംഗ് ഡയറക്റ്റ് ചെയ്യുകയും നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ചില്‍ റിസര്‍ച്ച് അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.













