രണ്ടാം വധശ്രമത്തെ അതിജീവിച്ച ട്രംപ് പ്രചാരണം പുനരാരംഭിച്ചു, കനത്ത സുരക്ഷ

മിഷിഗണ്‍: രണ്ടാമത്തെ വധശ്രമത്തെ അതിജീവിച്ചതിന് ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

മിഷിഗണിലെ വ്യാവസായിക നഗരമായ ഫ്‌ളിന്റിലെ പിന്തുണക്കാര്‍ക്ക് മുന്നില്‍ ഒരു ടൗണ്‍ ഹാള്‍ മീറ്റിംഗില്‍ സംസാരിച്ചുകൊണ്ടാണ് ട്രംപ് പ്രചാരണം പുനരാരംഭിച്ചത്. ആയിരക്കണക്കിന് ആളുകള്‍ ഒത്തുചേര്‍ന്ന വേദിക്ക് സമീപം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വേദിയോട് ചേര്‍ന്നുള്ള റോഡുകള്‍ പൊലീസ് അടച്ചിരുന്നു. ജനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിരുന്നു. എഫ്ബിഐ പരാജയപ്പെടുത്തിയ കൊലപാതക ശ്രമവും മെക്സിക്കോയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള കാറുകളുടെ ഇറക്കുമതിക്ക് വന്‍ താരിഫ് ചുമത്തുമെന്ന തന്റെ പ്രതിജ്ഞയും തമ്മില്‍ ബന്ധമുണ്ടെന്ന് ട്രംപ് പറഞ്ഞു. വിദേശ കമ്പനികളുമായി മത്സരിക്കുന്ന യുഎസ് വാഹന വ്യവസായത്തിന്റെ രക്ഷകനായാണ് ട്രംപ് ചടങ്ങില്‍ സ്വയം ചിത്രീകരിച്ചത്.

ഞായറാഴ്ച, ഫ്‌ലോറിഡയിലെ ട്രംപ് നാഷണല്‍ ഗോള്‍ഫ് കോഴ്സില്‍ ഗോള്‍ഫ് കളിക്കുമ്പോള്‍, എകെ 47 മോഡലിലുള്ള റൈഫിളുമായി ഒരാള്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയും ട്രംപിനെ ലക്ഷ്യം വയ്ക്കുകയും ചെയ്തിരുന്നു. രഹസ്യ സേവന ഏജന്റുമാര്‍ മറഞ്ഞിരിക്കുന്ന ആളെ കണ്ടെത്തിയതോടെ പെട്ടെന്ന് വെടിയുതിര്‍ക്കുകയായിരുന്നു. റയാന്‍ റൗത്ത് എന്നയാള്‍ പിന്നീട് പിടിയിലാകുകയും ചെയ്തു.