വാഷിങ്ടൺ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയ ഡോണൾഡ് ട്രംപ് തന്റെ ക്യാബിനറ്റ് നിയമനങ്ങൾ തുടങ്ങി. അമേരിക്കയുടെ അടുത്ത യു എൻ അംബാസഡറായി എലീസ് സ്റ്റെഫാനിക്കിനെ ട്രംപ് തെരഞ്ഞെടുത്തു. നിലവിൽ ന്യൂയോർക്കിൽ നിന്നുള്ള ജനപ്രതിനിധി സഭ അംഗമാണ് ഇവർ. ടോം ഹോമാനെ അതിർത്തി സംരക്ഷണ മേധാവിയായും ചുമതലപ്പെടുത്തി. മുൻപ് ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് സർവീസിന്റെ ചുമതല വഹിച്ചിരിന്നു ഇദ്ദേഹം. അമേരിക്ക ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പ്രക്രിയയുടെ ചുമതല ഇദ്ദേഹത്തിനായിരിക്കും.
ഇമിഗ്രേഷൻ ഹാർഡ്‌ലൈനറായ സ്റ്റീഫൻ മില്ലറെ, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഫോർ പോളിസിയായി തിരഞ്ഞെടുത്തു. ട്രംപിൻ്റെ ആദ്യ ഭരണകാലത്ത് മുതിർന്ന ഉപദേശകനായിരുന്നു 39-കാരൻ. ട്രംപിൻ്റെ ചില നയ തീരുമാനങ്ങളിൽ മില്ലർ ഒരു പ്രധാന വ്യക്തിയാണ്, പ്രത്യേകിച്ചും ആയിരക്കണക്കിന് കുടിയേറ്റ കുടുംബങ്ങളെ വേർപെടുത്താനുള്ള അദ്ദേഹത്തിൻ്റെ നീക്കത്തിനു പിന്നിൽ മില്ലറാണ്.
അതിനിടെ നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. ചിക്കാഗോയിലും ഫിലാഡൽഫിയയിലും തടങ്ങിയ പ്രതിഷേധം ഇപ്പോൾ വാഷിംഗ്ടണിലും ന്യൂയോർക്കിലുമെല്ലാം അലയടിച്ചുയരുകയാണ്. കുടിയേറ്റക്കാർ ഉൾപ്പടെയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ഥലങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. വാഷിംഗ്ടണിൽ വനിതകളുടെ പ്രതിഷേധമാണ് അരങ്ങേറിയത്. ‘ഞങ്ങൾ ഒറ്റക്കാവില്ല, ഞങ്ങൾ അമേരിക്ക വിട്ടുപോകില്ല’ തുടങ്ങിയ മുദ്രാവാക്യത്തോടെയായിരുന്നു പ്രതിഷേധങ്ങൾ അരങ്ങേറിയത്. സ്ത്രീ അവകാശങ്ങൾക്ക് വേണ്ടിയായിരുന്നു വാഷിങ്ടണിലെ പ്രതിഷേധം. സിയാറ്റലിലും സമാനമായ പ്രതിഷേധമുണ്ടായത്. വംശഹത്യക്കും യുദ്ധത്തിനും എതിരായിരുന്നു സിയാറ്റലിലെ പ്രതിഷേധം.















