മാലിന്യ ട്രക്കിന്റെ ഡ്രൈവറായി ട്രംപ്, അനുയായികളെ ആവേശം കൊള്ളിച്ച ട്രക്ക് യാത്ര സമർപ്പിച്ചത് ബൈഡനും കമലയ്ക്കും

ട്രംപ് ആഗ്രഹിച്ചതുപോലെ തന്നെ സംഭവിച്ചു. ബൈഡൻ്റെ വായിൽനിന്ന് വീണ ഒരു അബദ്ധം ആഘോഷിക്കുകയാണ് ഇപ്പോൾ ട്രംപും റിപ്പബ്ളിക്കൻ പാർട്ടിയും. മാഡിസൺ സ്ക്വയറിലെ ട്രംപിൻ്റെ ഞായറാഴ്ചത്തെ പ്രചാരണറാലിയിൽ പ്യൂർട്ടോറിക്കോ ദ്വീപ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു എച്ചിൻക്കൂനയാണെന്ന് ഹാസ്യതാരം ടോണി ഹിഞ്ച്ക്ലിഫ് പരാമർശിച്ചത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. അതിൻ്റെ ക്ഷീണത്തിൽ നിൽക്കുമ്പോഴാണ് ബൈഡൻ്റെ വാക്ക് പിഴച്ചത് . ഒരു തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടെ ട്രംപ് അനുകൂലികളെ ബൈഡൻ എച്ചിൽകൂട്ടം എന്നു വിശേഷിപ്പിച്ചു. ട്രംപിനുള്ള മറുപടിക്കിടെ “ഇവിടെ പൊങ്ങിക്കിടക്കുന്ന ഒരേയൊരു എച്ചിൽകൂട്ടം അദ്ദേഹത്തിൻ്റെ (ട്രംപിൻ്റെ) പിന്തുണക്കാരാണ്,” ബൈഡൻ പറഞ്ഞു. അതോടെ തുടങ്ങി ട്രംപ് ക്യാംപിൽ ആവേശം. ട്രംപ് വിസ്കോൺസിനിലെ വിമാനത്താവളത്തിൽ മാലിന്യ ട്രക്കിൽ കയറുകയും മാധ്യമപ്രവർത്തകരോട് സംവദിക്കുകയും മാലിന്യ ട്രക്കിലിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

‘എൻ്റെ ഗാർബേജ്ട്രക്ക് നിങ്ങൾക്ക് ഇഷ്ടമാണോ? ഈ ട്രക്ക് യാത്ര കമലയ്ക്കും ജോ ബൈഡനുമായി ഞാൻ സമർപ്പിക്കുന്നു’.ട്രക്ക് ക്യാബിനിൽ നിന്ന് ട്രംപ് പറഞ്ഞു.

“അമേരിക്കൻ ജനതയെ നിങ്ങൾ വെറുക്കുന്നുവെങ്കിൽ നിങ്ങൾക്ക് പ്രസിഡൻ്റാകാൻ കഴിയില്ല,ഡെമോക്രാറ്റുകൾ അങ്ങനെ ചെയ്യുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു,” ട്രംപ് പിന്നീട് ഗ്രീൻ ബേയിലെ തൻ്റെ റാലിക്കിടെ പറഞ്ഞു.

എന്നാൽ ബൈഡൻ്റെ പരാമർശങ്ങളിൽ റിപ്പബ്ലിക്കൻമാർ രോഷം പ്രകടിപ്പിച്ചപ്പോൾ, ട്രംപ് വിരുദ്ധ രാഷ്ട്രീയ ഗ്രൂപ്പായ ലിങ്കൺ പ്രോജക്റ്റ് വിസ്കോൺസിനിലെ മോസിനിയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സെപ്റ്റംബർ 7 റാലിയിൽ നിന്നുള്ള ഒരു വിഡിയോ പുറത്തുവിട്ടിരിക്കുകയാണ്. അതിൽ ട്രംപ് കമലയുടെ ചുറ്റും നിൽക്കുന്നവരെ മാലിന്യക്കൂന എന്ന് വിശേഷിപ്പിക്കുന്നത് വ്യക്തമായി കേൾക്കാം. അതേ ട്രംപാണ് ഇപ്പോൾ ഇരയുടെ പരിവേഷം അണിഞ്ഞ് അണികളെ ആവേശം കൊള്ളിക്കുന്നത്.

ഇതു തിരിച്ചടിയായിരിക്കുന്നത് ബൈഡൻ്റെ പിൻഗാമിയും ഡെമോക്രാറ്റ് സ്ഥാനാർഥിയുമായ കമല ഹാരിസിനാണ്. ബൈഡൻ്റെ ഈ അഭിപ്രായത്തോട് താൻ ശക്തമായി വിയോജിക്കുന്നു എന്ന് കമലാ ഹാരിസ് വ്യക്തമാക്കി. ഇക്കാര്യത്തെ കുറിച്ച ബൈഡൻ വ്യക്തമാക്കിയെന്നും കൂടുതൽ വിശദീകരണം ആവശ്യമില്ലെന്നും അവർ പറഞ്ഞു.

മാഡിസൺ സ്ക്വയറിലെ ഞായറാഴ്ച പ്രസംഗത്തിലെ വിവാദ പരാമർശത്തോടെ താഴോട്ടു പോയ ട്രംപ് ക്യാംപ് ശക്തമായി തിരിച്ചു വന്നു. ട്രംപ് ഫ്ലോറിഡയിലെ പ്രചാരണ വേദിയിൽ നിൽക്കുമ്പോഴാണ് ഈ വിവരം അറിയുന്നത്. ഉടൻ തന്നെ വന്നു മറുപടി. ‘എന്തുകഷ്ടമാണ്, എച്ചിൽക്കൂട്ടം എന്നൊക്കെ വിളിക്കാമോ.. കടന്നകയ്യാണ്. പോട്ടേ… ബൈഡന് ഒന്നും അറിയില്ല.. നിങ്ങൾ ക്ഷമിച്ചേക്കൂ..’ . 2016 തിരഞ്ഞെടുപ്പിൽ ഹിലരി ക്ലിൻ്റൺ ട്രംപ് അനുയായികളെ ശോചനീയമായ കൂട്ടം എന്നു വിശേഷിപ്പിച്ചത് ട്രംപ് ഓർമിപ്പിച്ചു.

Trump’s Celebration With a Garbage Truck in US Election

More Stories from this section

family-dental
witywide