
വാഷിംഗ്ടണ്‍: നൂറുകണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ പ്രതിഷേധമുള്‍പ്പെടെ ബംഗ്ലാദേശ് പ്രതിസന്ധിയില്‍ സര്‍ക്കാരിന്റെ ഇടപെടലിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ അമേരിക്ക തള്ളി.
ബംഗ്ലാദേശിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയ്‌ക്കെതിരായ എല്ലാ റിപ്പോര്‍ട്ടുകളും നിരസിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി, ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കേണ്ടത് ബംഗ്ലാദേശി ജനതയാണെന്ന് വ്യക്തമാക്കി. മാത്രമല്ല, യു.എസ് ഇടപെടലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും പ്രചരിക്കുന്നത് കിംവദന്തികളാണെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളില്‍ സ്ഥിതിഗതികള്‍ യുഎസ് നിരീക്ഷിക്കുന്നത് തുടരുമെന്ന് ജീന്‍ പിയറി പറഞ്ഞു.
അടുത്തിടെ, യുഎസ് ആസ്ഥാനമായുള്ള ഫോറിന്‍ പോളിസി വിദഗ്ധനും വില്‍സണ്‍ സെന്ററിലെ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ മൈക്കല്‍ കുഗല്‍മാന്‍, ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച ബഹുജന പ്രക്ഷോഭത്തിന് പിന്നില്‍ വിദേശ ഇടപെടലുണ്ടെന്ന ആരോപണങ്ങള്‍ തള്ളിയിരുന്നു. ഈ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ശൈഖ് ഹസീനയുടെ മകന്‍ സജീബ് വാസെദ് ജോയി ഉള്‍പ്പെടെ പ്രതിഷേധത്തിന് പിന്നില്‍ വിദേശ ഇടപെടല്‍ ഉണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ഇതും കുഗല്‍മാന്‍ തള്ളിക്കളഞ്ഞു. ആഭ്യന്തര ഘടകങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















