
ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപചടങ്ങുകളിൽ പങ്കെടുക്കാനായി ടെഹ്‌റാനിലെത്തിയ റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്വദേവ് പാശ്ചാത്യ രാജ്യങ്ങൾക്ക് നേരെ കടുത്ത മുന്നറിയിപ്പുമായി രംഗത്ത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് ഇറാന്റെ കൈയ്യിലെ ഒരു ആണവായുധത്തിന് തുല്യമായ തന്ത്രപ്രധാനമായ ആയുധമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
മേഖലയിൽ അമേരിക്കയുടെ നേതൃത്വത്തിൽ വീണ്ടും സംഘർഷമുണ്ടാക്കാൻ ശ്രമിച്ചാൽ ലോകം വലിയൊരു സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്ന സൂചനയാണ് റഷ്യൻ നേതാവ് നൽകുന്നത്. ഇതോടൊപ്പം ചെങ്കടലിനെയും ഏദൻ ഗൽഫിനെയും ബന്ധിപ്പിക്കുന്ന ‘ബാബ് അൽ-മന്ദേബ്’ കടലിടുക്ക് ഇറാന്റെ ശക്തമായ ഒരു ‘ബാക്കപ്പ് ആയുധം’ ആണെന്നും മെദ്വദേവ് ചൂണ്ടിക്കാണിച്ചു.
യെമൻ, ജിബൂട്ടി, എറിത്രിയ എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ തന്ത്രപ്രധാനമായ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടാൽ അത് ആഗോള വ്യാപാരത്തെത്തന്നെ നിശ്ചലമാക്കും. മേഖലയിൽ യുദ്ധം വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളും ഈ യാഥാർത്ഥ്യം മനസ്സിൽ വെച്ചേക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനകം തന്നെ ഇസ്രായേൽ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തിയ യെമനിലെ ഹൂതി വിമതരുടെ ശക്തമായ പിന്തുണയും ഇറാനുണ്ടെന്ന കാര്യം റഷ്യൻ നേതാവ് ഓർമ്മിപ്പിച്ചു.











