
കേരളത്തിൽ വൻതോതിൽ ജീവനക്കാരെ കൂട്ടപ്പിരിച്ചുവിട്ട യുഎസ് ആസ്ഥാനമായുള്ള കോറോഹെൽത്ത് കമ്പനി പ്രതിനിധികളുമായി തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ഈ മാസം 10ന് എറണാകുളത്ത് വെച്ച് നിർണായക ചർച്ച നടത്തും. കൊച്ചിയിലും കോഴിക്കോടുമായി ജോലി ചെയ്യുന്ന തൊണ്ണൂറോളം ജീവനക്കാരാണ് നിലവിൽ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ കഴിയുന്നത്. തിങ്കളാഴ്ച നടക്കുന്ന ഈ ചർച്ചയിൽ കമ്പനിയുടെ ഉന്നത പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് വിവരം.
നേരത്തെ തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയും തൃക്കാക്കര എംഎൽഎ ഉമ തോമസും കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിൽ പിരിച്ചുവിടൽ താൽക്കാലികമായി മരവിപ്പിക്കാൻ തീരുമാനിച്ചിരുന്നു. തുടർന്ന് തൊഴിൽ വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ വിശദമായ ചർച്ച നടത്താമെന്നായിരുന്നു ധാരണ. എന്നാൽ, ഈ ധാരണകൾ പാടെ ലംഘിച്ചുകൊണ്ട് കമ്പനി പിരിച്ചുവിട്ട ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് കോമ്പൻസേഷൻ തുക നിക്ഷേപിക്കുകയാണ് ചെയ്തത്. കമ്പനിയുടേത് കടുത്ത ധിക്കാരപരമായ സമീപനമാണെന്നും നിയമപരിധിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും തൊഴിൽമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
മുന്നൂറിലധികം ജീവനക്കാരുള്ള കമ്പനികളിൽ പിരിച്ചുവിടൽ നടപ്പാക്കുമ്പോൾ സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്ന വ്യവസ്ഥ കോറോഹെൽത്ത് പാലിച്ചിട്ടില്ലെന്നാണ് ലേബർ വകുപ്പിന്റെ കണ്ടെത്തൽ. പുതിയ ലേബർ കോഡും കരാറിലെ വ്യവസ്ഥകളും ചൂണ്ടിക്കാണിച്ചാണ് കമ്പനി പിരിച്ചുവിടലിനെ ന്യായീകരിക്കുന്നത്. ഉത്തരേന്ത്യയിലുള്ള കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് കൊച്ചിയിൽ എത്താനുള്ള സമയം കണക്കാക്കിയാണ് ഈ മാസം 10ലേക്ക് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, അപ്രതീക്ഷിതമായി തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാരിൽ ഭൂരിഭാഗം പേരും നിലവിൽ വീടുകളിലേക്ക് മടങ്ങിയിരിക്കുകയാണ്.
CoroHealth mass layoffs: Labor Minister to hold talks with company representatives in Kochi on July 10














