
യുദ്ധത്തിലും പട്ടിണിയിലും കെടുതി അനുഭവിക്കുന്ന ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള താൽക്കാലിക തുറമുഖം നിർമിക്കാൻ ആവശ്യമായ നിർമാണ സാമഗ്രികളുമായി യുഎസ് സൈനിക കപ്പൽ പുറപ്പെട്ടു. ജനറൽ ഫ്രാങ്ക് എസ് ബെസ്സൻ എന്ന കപ്പൽ ശനിയാഴ്ച വിർജീനിയ സംസ്ഥാനത്തെ സൈനിക താവളത്തിൽ നിന്ന് പശ്ചിമേഷ്യയിലേക്ക് പുറപ്പെട്ടതായി യുഎസ് സൈനിക വക്താവ് അറിയിച്ചു.. കടൽമാർഗം ഗാസയിലേക്ക് സഹായം എത്തിക്കാൻ യുഎസ് ഫ്ലോട്ടിങ് ഹാർബർ നിർമിക്കുമെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പ്രസിഡന്റിന്റെ പ്രഖ്യാപനം വന്ന് 36 മണിക്കൂറിനുള്ളിൽ യുഎസ് കപ്പൽ പുറപ്പെട്ടുവെന്ന് യുഎസ് സെൻട്രൽ കമാൻഡ് എക്‌സിൽ അറിയിച്ചു. ഗാസയിലേക്ക് സുപ്രധാനമായ മാനുഷിക സാധനങ്ങൾ എത്തിക്കുന്നതിന് ഒരു താത്കാലിക തുറമുഖം നിർമിക്കുന്നതിനുള്ള ഉപകരണങ്ങൾ അടങ്ങിയതാണ് ആദ്യത്തെ കപ്പൽ. 50 ദിവസം കൊണ്ട് 1,000 സൈനികരുടെ സഹായത്തോടെ തുറമുഖം നിർമിക്കും. എന്നാൽ സൈനികർ ഗാസയുടെ കരഭാഗത്തേക്ക് പ്രവേശിക്കില്ല, കുറിപ്പിൽ പറയുന്നു.
‘ഇസ്രയേലിനായി കാത്തിരിക്കുന്നില്ല, വാഷിങ്ടണ്‍ പൂർണ നേതൃത്വം ഏറ്റെടുക്കുന്നു,’ എന്ന് പ്രഖ്യാപിച്ചാണ് അമേരിക്ക തുറമുഖം പദ്ധതി അവതരിപ്പിച്ചത്
ഗാസ മുനമ്പിൽ കുട്ടികൾ പട്ടിണി കിടന്ന് മരിക്കുകയാണെന്നും യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇസ്രയേൽ കടുത്ത ആക്രമണങ്ങൾ അഴിച്ച് വിടുന്ന സാഹചര്യത്തിൽ കരയിലും വിമാനത്തിലും സഹായ വിതരണം ദുഷ്കരവും അപകടകരവുമാണ്. അടിസ്ഥാനസൗകര്യങ്ങൾ തകർന്നടിഞ്ഞ ഗാസയിലേക്ക് സൗജന്യഭക്ഷണവും മരുന്നും എത്തിക്കുന്ന യുഎൻ ഏജൻസികളെ ഇസ്രയേൽ സൈന്യം തടയുകയാണ്. ഗാസയില്‍ 23 ലക്ഷത്തോളം പേര്‍ പട്ടിണിയുടെ വക്കിലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വേൾഡ് ഫുഡ് പ്രോഗ്രാമിൻ്റെ സഹായ വാഹനവ്യൂഹങ്ങൾക്ക് നേരെ വെടിയ്പുണ്ടായിരുന്നു. വാഹനം കൊള്ളയടിക്കുകയും ചെയ്ചെതു. ഇതിനു പിന്നാലെ കരയിലൂടെയുള്ള സഹായ വിതരണം താൽക്കാലികമായ നിർത്തി വെച്ചിരിക്കുകയാണ്. യുഎസ് , ജോർദാൻ, യികെ തുടങ്ങിയ ഏതാനും രാജ്യങ്ങൾ ഭക്ഷണപ്പൊതികൾ എയർഡ്രോപ് ചെയ്യുന്നുണ്ട്. എന്നാൽ ഇത് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഗാസയ്ക്ക് പ്രവർത്തനക്ഷമമായ തുറമുഖമില്ല, ചുറ്റുമുള്ള ജലാശയങ്ങള്‍ വലിയ കപ്പലുകൾക്ക് കടക്കാൻ കഴിയാത്തത്ര ആഴം കുറഞ്ഞതാണ്.
200 ടൺ ഭക്ഷണവുമായി ഒരു സഹായ കപ്പൽ സൈപ്രസിലെ ഒരു തുറമുഖത്ത് നിന്ന് പുറപ്പെടാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. നാളെയോടെ കപ്പലിന് പുറപ്പെടാൻ സാധിക്കുമെന്നാണ് കരുതുന്നത്. 30,900-ലധികം ആളുകൾ ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
US military ship is heading to middle East to build a temporary port at Gaza















