ലോകം ചോദിക്കുന്നു, എംഒയു ലംഘനമോ അതോ പൂർണ്ണമായ റദ്ദാക്കലോ? ഹോർമുസ് കടലിടുക്കിൽ ട്രംപിന്‍റെ പ്രഖ്യാപനം സമാധാന കരാറിനെ അനിശ്ചിതത്വത്തിലാക്കുന്നു

ദോഹ: അമേരിക്കയും ഇറാനും തമ്മിൽ നിലവിലുണ്ടായിരുന്ന താൽക്കാലിക സമാധാന ധാരണാപത്രം പൂർണ്ണമായും വഴിമുട്ടിയെന്ന സൂചന നൽകിക്കൊണ്ട് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തിയ ഏറ്റവും പുതിയ പ്രഖ്യാപനങ്ങൾ രാജ്യാന്തര തലത്തിൽ കനത്ത നിയമ-നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. മുൻപ് ഒപ്പുവെച്ച ധാരണ പ്രകാരം, കരാർ നിലവിൽ വന്ന നിമിഷം മുതൽ യുഎസ് നാവികസേന ഇറാനെതിരെയുള്ള നാവിക ഉപരോധം അവസാനിപ്പിക്കേണ്ടതായിരുന്നു.

എന്നാൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാന് മേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പുതിയ പ്രഖ്യാപനം ഈ ധാരണാപത്രം ഇപ്പോൾ പൂർണ്ണമായും അസാധുവായോ അതോ അമേരിക്ക കരാർ പരസ്യമായി ലംഘിക്കുകയാണോ എന്ന വലിയ ചോദ്യമാണ് ഉയർത്തുന്നത്.60 ദിവസത്തെ ചർച്ചാ കാലാവധിയുള്ള ഈ താൽക്കാലിക കരാറിന്റെ പകുതിയോളം എത്തുമ്പോഴാണ് ഈ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. കടലിടുക്കിൽ ഇനിയും പൂർണ്ണമായി നീക്കം ചെയ്യാത്ത മൈനുകൾ ഉള്ളതിനാൽ വാണിജ്യ കപ്പലുകൾക്ക് യുഎസ് സൈന്യം അകമ്പടി സേവിക്കുന്നുണ്ടായിരുന്നു.

എന്നാൽ ഇറാനിയൻ കപ്പലുകളെയോ ഇറാനുമായി വ്യാപാരം നടത്തുന്ന മറ്റ് കപ്പലുകളെയോ തടയില്ലെന്നതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ. ഈ വ്യവസ്ഥ കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഇറാന്റെയും അവരുടെ ഉപഭോക്താക്കളുടെയും കപ്പലുകൾ ഇനി കടലിടുക്കിലൂടെ സഞ്ചരിക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ധാരണാപത്രത്തിലെ അവ്യക്തതകൾ മുതലെടുത്ത് ഇറാൻ സ്വന്തം നിലയിൽ കപ്പലുകൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിച്ചതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. കരാർ ലംഘിച്ചതായി ഇരുപക്ഷവും പരസ്പരം ആരോപിക്കുമ്പോൾ, പ്രായോഗികമായി ഈ ധാരണാപത്രം ഇപ്പോൾ തകർച്ചയുടെ വക്കിലാണ്.

മറ്റൊരു പ്രധാന തർക്കവിഷയം, ഈ കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് മേൽ 20 ശതമാനം നികുതി ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന്റെ നിയമസാധുതയാണ്. അന്താരാഷ്ട്ര കപ്പൽ ഗതാഗത നിയമപ്രകാരം സ്വതന്ത്രമായ ഒരു ജലപാതയിൽ ഇത്തരമൊരു നികുതി ഏർപ്പെടുത്താൻ അമേരിക്കയ്ക്ക് നിയമപരമായി അവകാശമില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എംഓയു പ്രകാരം 60 ദിവസത്തേക്ക് കപ്പലുകളിൽ നിന്ന് യാതൊരുവിധ ടോളോ നികുതിയോ ഈടാക്കില്ലെന്ന് ഇറാൻ സമ്മതിച്ചിരുന്നു. അതായത് 60 ദിവസത്തിന് ശേഷം ഇറാനായിരിക്കും അവിടെ ടോൾ പിരിക്കാൻ അവകാശമെന്ന സൂചനയാണ് ആ വ്യവസ്ഥ നൽകിയിരുന്നത്. എന്നാൽ അതിന് മുൻപ് തന്നെ ജലപാതയുടെ നിയന്ത്രണം ഏറ്റെടുത്ത് തങ്ങൾ ടോൾ പിരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ കടുത്ത ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ, ഇരുരാജ്യങ്ങളും തമ്മിൽ പുതിയൊരു ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ വീണ്ടുമൊരു ശക്തമായ യുദ്ധത്തിനാകും വരും ദിവസങ്ങളിൽ ലോകം സാക്ഷ്യം വഹിക്കുക.

More Stories from this section

family-dental
witywide