വാഷിങ്ടൺ: എച്ച്-1ബി വിസ അനുവദിക്കുന്നതിൽ ഉണ്ടായ ദീർഘകാല കാലതാമസം കാരണം 18 മാസത്തിലേറെയായി ഇന്ത്യയിൽ കുടുങ്ങി കുടുംബത്തിൽ നിന്ന് വേർപെട്ട് കഴിയുന്ന ഇന്ത്യൻ ഐടി ജീവനക്കാരന്റെ ഹർജി തള്ളി അമേരിക്കൻ ജില്ലാ കോടതി. അപേക്ഷ പരിഗണിക്കുന്നതിൽ ഉണ്ടായ കാലതാമസം യുക്തിരഹിതമല്ലെന്നും അദ്ദേഹത്തിന്റെ സാഹചര്യത്തോട് സഹതാപമുണ്ടെങ്കിലും അതിന്റെ പേരിൽ വിസ നടപടിക്രമത്തിൽ പ്രത്യേക പരിഗണന നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS) ജീവനക്കാരനായ നവ്‌ദീപ് ശർമ്മയാണ് 2025 സെപ്റ്റംബറിൽ അമേരിക്കൻ ഉദ്യോഗസ്ഥർക്കെതിരെ കേസ് നൽകിയത്. എച്ച്-1ബി വിസ അപേക്ഷ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പലതവണ നിരസിക്കപ്പെട്ടതോടെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
2001 മുതൽ ടി.സി.എസിൽ ജോലി ചെയ്യുന്ന നവ്‌ദീപ് ശർമ്മ ടെക്സസിലെ ജോർജ്‌ടൗൺ സ്വദേശിയാണ്. ശർമ്മയുടെ ഭാര്യയും രണ്ട് മക്കളും അമേരിക്കയിലാണ് താമസിക്കുന്നത്. 2023 ഡിസംബറിൽ ശർമ്മയുടെ എച്ച്-1ബി വിസ 2027 മാർച്ച് വരെ നീട്ടുന്നതിനായി ടി.സി.എസ് അപേക്ഷ സമർപ്പിച്ചു. 2024-ൽ അമേരിക്കൻ സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) അപേക്ഷ അംഗീകരിച്ചു. തുടർന്ന് 2024 നവംബറിൽ ശർമ്മ DS-160 വിസ അപേക്ഷ സമർപ്പിച്ചു. 2025 ജനുവരിയിൽ ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിൽ വിസ അഭിമുഖത്തിനായി എത്തിയെങ്കിലും, അഭിമുഖത്തിന് ശേഷം വിസ നിഷേധിക്കുകയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാകാൻ നിർദേശിക്കുകയും ചെയ്തു.
മെഡിക്കൽ പരിശോധന പൂർത്തിയാക്കിയിട്ടും മാസങ്ങൾക്കുശേഷം വീണ്ടും മെഡിക്കൽ പരിശോധന ആവശ്യപ്പെട്ടതായി ശർമ്മ പറയുന്നു. ഇതിനിടെ വിസ ലഭിക്കാത്തതിനാൽ അദ്ദേഹത്തിന് ഇന്ത്യയിൽ തന്നെ തുടരേണ്ടിവന്നു. 2025 ജൂലൈയിൽ വിസ അംഗീകരിച്ചതായി അറിയിച്ചെങ്കിലും, പാസ്‌പോർട്ട് വാങ്ങാൻ കോൺസുലേറ്റിൽ എത്തിയപ്പോൾ വീണ്ടും വിസ നിരസിച്ചതായി അറിയിച്ചു. ഒരാഴ്ചയ്ക്കുശേഷം ഹൈദരാബാദ് കോൺസുലേറ്റിൽ നിന്ന് എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും വിവരങ്ങൾ ആവശ്യപ്പെട്ട് ഇമെയിൽ ലഭിച്ചു.
ഇതുവരെ അന്തിമ തീരുമാനം ലഭിച്ചിട്ടില്ലെന്നും, അതിനാൽ 18 മാസമായി ഭാര്യയിലും മക്കളിലും നിന്ന് അകന്ന് ഇന്ത്യയിൽ കഴിയുകയാണെന്നും ശർമ്മ കോടതിയെ അറിയിച്ചു. ആദ്യ വിസ നിരസിച്ച് ഒമ്പത് മാസവും രണ്ടാമത്തെ വിസ നിരസിച്ച് രണ്ട് മാസവും കഴിഞ്ഞാണ് ശർമ്മ കേസ് ഫയൽ ചെയ്തത്. സാധുവായ വിസ ഇല്ലാത്തതിനാൽ അമേരിക്കയിലേക്ക് മടങ്ങാനാകുന്നില്ലെന്നും ഇന്ത്യയിൽ നിന്ന് ടി.സി.എസിനായി ജോലി ചെയ്യാനും കഴിയുന്നില്ലെന്നും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കി.
സ്റ്റേറ്റ് സെക്രട്ടറി, കോൺസുലർ കാര്യങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ, ഇന്ത്യയിലെ അമേരിക്കൻ എംബസിയുടെ ചാർജ് ഡി അഫയേഴ്സ്, ഹൈദരാബാദിലെ കോൺസൽ ജനറൽ, ഒരു കോൺസുലർ ഉദ്യോഗസ്ഥൻ എന്നിവർക്കൊപ്പം ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) സെക്രട്ടറി, അമേരിക്കൻ അറ്റോർണി ജനറൽ, എഫ്ബിഐ ഡയറക്ടർ എന്നിവരെയും ശർമ്മ കേസിൽ പ്രതിചേർത്തിരുന്നു.
എന്നാൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരെ ഒഴികെയുള്ളവർക്കെതിരെ കേസ് നൽകാൻ ശർമ്മയ്ക്ക് നിയമപരമായ അവകാശമില്ലെന്ന് വിസ നടപടിക്രമത്തിലെ കാലതാമസം സംബന്ധിച്ച് കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട ഏജൻസികൾക്ക് അവരുടെ തീരുമാനങ്ങൾക്കുള്ള കാരണങ്ങളുണ്ടാകുമെന്നും, ഈ സാഹചര്യത്തിൽ കാലതാമസം യുക്തിരഹിതമാണെന്ന് പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശർമ്മയ്ക്ക് കുടുംബത്തിൽ നിന്ന് ഇത്രയും കാലം അകന്നു കഴിയേണ്ടിവന്ന സാഹചര്യം ദുഃഖകരമാണെന്നും അതിൽ കോടതിക്ക് സഹതാപമുണ്ടെന്നും വിധിയിൽ പറയുന്നു. എന്നാൽ ആ കാരണത്താൽ മാത്രം അദ്ദേഹത്തിന്റെ അപേക്ഷയ്ക്ക് മറ്റുള്ളവരെ മറികടന്ന് മുൻഗണന നൽകാൻ കോടതിക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
H-1B techie, stuck in India for 18 months, sues officials for delay in visa; court dismisses, says it’s not unreasonable















