ഒളിവില്‍ കഴിയുന്ന വ്യവസായി വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ മല്യ വിവാഹിതനാകുന്നു

ന്യൂഡല്‍ഹി: ഒളിവില്‍ കഴിയുന്ന വ്യവസായി വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ മല്യ വിവാഹം കഴിക്കാനൊരുങ്ങുന്നു. തന്റെ ദീര്‍ഘകാല കാമുകി ജാസ്മിനാണ് വധു.

ഇന്‍സ്റ്റാഗ്രാമിലെ ഒരു പോസ്റ്റിലൂടെയാണ് സിദ്ധാര്‍ത്ഥ വിവാഹ വാര്‍ത്ത പങ്കിട്ടത്. ഇരുവരും ഒന്നിച്ചുശ്ശ് ചിത്രങ്ങളും പങ്കിട്ടിട്ടുണ്ട്. നിറയെ റോസാപ്പൂക്കള്‍ക്കൊണ്ട് അലങ്കരിച്ച ഒരു ഫ്രയിമിനുള്ളില്‍ ഇരുവരും നില്‍ക്കുന്ന ചിത്രത്തിന് ‘വിവാഹ വാരം ആരംഭിച്ചു…എന്നാണ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

2023 ലെ ഹാലോവീനില്‍ മല്യ തന്റെ കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഹാലോവീനിനായുള്ള വസ്ത്രധാരണത്തിലുള്ള ദമ്പതികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ട് സിദ്ധാര്‍ത്ഥ സന്തോഷം പങ്കിട്ടിരുന്നു. ഒരു ചിത്രത്തില്‍, ഒരു ഹാലോവീന്‍ മത്തങ്ങയുടെ വേഷം ധരിച്ച സിദ്ധാര്‍ത്ഥ, മന്ത്രവാദിനിയുടെ വേഷം ധരിച്ച ജാസ്മിനോട് മുട്ടുകുത്തി വിവാഹാഭ്യര്‍ത്ഥന നടത്തുന്നതായാണ് ചിത്രം.

നടനും മുന്‍ മോഡലുമായ ശ്രീ സിദ്ധാര്‍ത്ഥ മാനസികാരോഗ്യത്തെക്കുറിച്ച് രണ്ട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്, കൂടാതെ യുവാക്കള്‍ക്കിടയില്‍ മാനസികാരോഗ്യ അവബോധത്തിനായുള്ള വക്താവുകൂടിയാണ്. ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആര്‍സിബി) ഡയറക്ടറായിരുന്നു സിദ്ധാര്‍ത്ഥ. അദ്ദേഹത്തിന്റെ പിതാവ് വിജയ് മല്യ, ലഹരിപാനീയ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിയായ യുബി ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനാണ്.

കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ ജനിച്ച മല്യ ലണ്ടനിലും യുഎഇയിലുമാണ് വളര്‍ന്നത്. വെല്ലിംഗ്ടണ്‍ കോളേജിലും ലണ്ടനിലെ ക്യൂന്‍ മേരി യൂണിവേഴ്‌സിറ്റിയിലും പഠിച്ച അദ്ദേഹം റോയല്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓഫ് സ്പീച്ച് ആന്‍ഡ് ഡ്രാമയില്‍ ചേര്‍ന്നു. അവിടെ നിന്നും ബിരുദം നേടിയ ശേഷം, മോഡലായും നടനായും ജോലി ചെയ്തിരുന്നു. നിരവധി സിനിമകളിലും ടെലിവിഷന്‍ ഷോകളിലും അദ്ദേഹം സാന്നിധ്യമറിയിച്ച സിദ്ധാര്‍ത്ഥ ഒരു ഓണ്‍ലൈന്‍ വീഡിയോ ഷോ ഹോസ്റ്റ് ചെയ്യുകയും ഗിന്നസിന്റെ മാര്‍ക്കറ്റിംഗ് മാനേജരായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.