ഖത്തറിന് ഇറാനുമായി രഹസ്യ ധാരണ, ഊർജ്ജ ഉത്പാദന കേന്ദ്രങ്ങൾ സംരക്ഷിക്കാനെന്ന് വാഷിംഗ്ടൺ പോസ്റ്റ് വാർത്ത; പൂ‍‌ർണമായും തള്ളുന്നുവെന്ന് ഖത്ത‌ർ

ദോഹ/വാഷിംഗ്ടൺ: ഇറാനിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്ന് തങ്ങളുടെ പ്രധാന ഊർജ്ജ ഉത്പാദന കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനായി ഖത്തർ ഇറാനുമായി ചേർന്ന് ‘രഹസ്യ കരാർ’ ഉണ്ടാക്കിയെന്ന പ്രമുഖ അമേരിക്കൻ മാധ്യമമായ ‘വാഷിംഗ്ടൺ പോസ്റ്റ്’ വാർത്ത പൂർണ്ണമായും തള്ളി ഖത്തർ. വാർത്തയിൽ പറയുന്ന കാര്യങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഇറാനിയൻ മിസൈൽ ആക്രമണങ്ങളിൽ നിന്ന് ഖത്തർ തങ്ങളുടെ പരമാധികാര അതിർത്തികളെ സജീവമായി പ്രതിരോധിച്ചുകൊണ്ടിരുന്ന ഒരു സമയത്ത്, ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് തന്നെ തികച്ചും യുക്തിരഹിതമാണെന്ന് ഖത്തർ മാധ്യമ ഓഫീസ് ചൂണ്ടിക്കാട്ടി. മേഖലയിലെ കടുത്ത സൈനിക സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി ഖത്തർ നടത്തിവരുന്ന മധ്യസ്ഥ ശ്രമങ്ങളെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ചില ശക്തികളാണ് ഈ വ്യാജ വാർത്തയ്ക്ക് പിന്നിലെന്ന് ഖത്തർ ആരോപിച്ചു.

“ഖത്തറിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ തകർക്കാനും, ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തെ തകിടം മറിക്കാനും ലക്ഷ്യമിട്ടുള്ള ചില കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വ്യാജവും വിശ്വാസയോഗ്യമല്ലാത്തതുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്,” പ്രസ്താവന വ്യക്തമാക്കുന്നു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സങ്ങളും യു.എസ്-ഇറാൻ സൈനിക സംഘർഷങ്ങളും മൂലം മിഡിൽ ഈസ്റ്റിലെ ഊർജ്ജ വിപണി കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് ഖത്തറിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ച പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ട് പുറത്തുവന്നത്. എന്നാൽ നിലവിലെ നയതന്ത്ര ചർച്ചകളിൽ തങ്ങളുടെ വിശ്വസ്തത ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുകയാണ് ഖത്തർ.

Also Read

More Stories from this section

family-dental
witywide