ഹോർമുസ് കടലിടുക്കിൽ കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ 2 ഇറാനിയൻ ഡ്രോണുകൾ യു.എസ് വെടിവെച്ചിട്ടു; ഇറാനെതിരെ കടുത്ത അമർഷവുമായി ട്രംപ്

വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ അയച്ച രണ്ട് ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി യുഎസ് പ്രതിരോധ മന്ത്രാലയം. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ സി.എൻ.എന്നിനോട് സ്ഥിരീകരിച്ചു. ഇറാനുമായി ചരിത്രപരമായ സമാധാന കരാറിലെത്തിയെന്ന സൂചനകൾ പുറത്തുവരുന്നതിനിടയിലാണ് കടലിൽ വീണ്ടും ഇറാൻ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. “ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന വാണിജ്യ കപ്പലുകളെ ആക്രമിക്കാൻ കഴിഞ്ഞ രാത്രി ഇറാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ യുഎസ് സൈന്യം ഇറാന്റെ രണ്ട് വൺ-വേ അറ്റാക്ക് ഡ്രോണുകൾ വിജയകരമായി വെടിവെച്ചിട്ടു. നിലവിൽ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരുകയാണ്,” പ്രതിരോധ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

‘ഇത് വച്ചുപൊറുപ്പിക്കില്ല’: കടുത്ത ഭാഷയിൽ ട്രംപ്

കരാർ ചർച്ചകൾക്കിടയിലും അന്താരാഷ്ട്ര കപ്പൽ ചാനലുകളിൽ ഇറാൻ തുടരുന്ന അക്രമങ്ങൾക്കെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി രംഗത്തെത്തി. ഇറാന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങൾ “പൂർണ്ണമായും അസ്വീകാര്യമാണ്” എന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. കരാറിന്റെ അന്തിമ വ്യവസ്ഥകൾക്ക് അംഗീകാരമായതിനെ തുടർന്ന് ഇറാന് നേരെ വ്യാഴാഴ്ച രാത്രി നടത്താനിരുന്ന വലിയ തോതിലുള്ള വ്യോമാക്രമണങ്ങൾ റദ്ദാക്കുകയാണെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച രാവിലെയായപ്പോഴേക്കും ഇറാന്റെ നിലപാടുകളിൽ ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തി.

അമേരിക്ക മരവിപ്പിച്ച 24 ബില്യൺ ഡോളറിന്റെ ഫണ്ട് റിലീസ് ചെയ്യാമെന്ന് യു.എസ് സമ്മതിച്ചതായാണ് ഇറാൻ മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. എന്നാൽ കരാറിലെ വ്യവസ്ഥകൾ പൂർണ്ണമായി നടപ്പാക്കാതെ ഒരൊറ്റ ഡോളർ പോലും ഇറാനിന് നൽകില്ലെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നത്. കരാർ ഒപ്പിടുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോഴും ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ ഡ്രോൺ ആക്രമണം യു.എസ്-ഇറാൻ ബന്ധത്തിൽ വീണ്ടും കടുത്ത നിഴൽ വീഴ്ത്തിയിരിക്കുകയാണ്.

More Stories from this section

family-dental
witywide