ആണവ പദ്ധതികൾ പൂർണ്ണമായും നിർത്തലാക്കും, തീവ്രവാദ ഫണ്ടിംഗ് അവസാനിപ്പിക്കും; ഇറാനുമായുള്ള കടുത്ത വ്യവസ്ഥകൾ പുറത്തുവിട്ട് യു.എസ്

വാഷിംഗ്ടൺ: ലോകം ഉറ്റുനോക്കുന്ന യു.എസ്-ഇറാൻ സമാധാന കരാറിന്റെ സുപ്രധാനവും കർശനവുമായ വ്യവസ്ഥകൾ പുറത്തുവിട്ട് ട്രംപ് ഭരണകൂടം. ഇറാന്റെ ആണവ പദ്ധതികൾ പൂർണ്ണമായും നിർത്തലാക്കാനും മിഡിൽ ഈസ്റ്റിലെ തീവ്രവാദി ഗ്രൂപ്പുകൾക്ക് ടെഹ്റാൻ നൽകുന്ന സാമ്പത്തിക സഹായങ്ങൾ അവസാനിപ്പിക്കാനുമുള്ള കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ് പുതിയ കരാറെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തങ്ങൾ മുന്നോട്ടുവെച്ച ഈ വ്യവസ്ഥകൾക്ക് ഇറാൻ വഴങ്ങിയതായും അദ്ദേഹം അവകാശപ്പെട്ടു. ഇതൊരു ‘പ്രവർത്തനധിഷ്ഠിത കരാർ’ ആണെന്നും, വ്യവസ്ഥകൾ പൂർണ്ണമായി നടപ്പാക്കുന്നത് വരെ ഇറാൻ ആവശ്യപ്പെട്ട ഒരു ഫണ്ടും അമേരിക്ക വിട്ടുനൽകില്ലെന്നും യു.എസ് വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്ക പുറത്തുവിട്ട പ്രധാന വ്യവസ്ഥകൾ:

ആണവ സാമഗ്രികൾ നശിപ്പിക്കും: ഇറാന്റെ പക്കലുള്ള ആണവ സാമഗ്രികൾ പൂർണ്ണമായി നശിപ്പിക്കുകയും അവിടെനിന്ന് മാറ്റുകയും ചെയ്യും.

ആണവ പദ്ധതി നിർത്തലാക്കും: ഇറാന്റെ ആണവ പദ്ധതികൾ പൂർണ്ണമായും വിഘടിപ്പിക്കും.

ഫണ്ട് തടഞ്ഞുവെക്കും: കരാറിലെ വ്യവസ്ഥകൾ ഇറാൻ പൂർണ്ണമായി പ്രാവർത്തികമാക്കുന്നത് വരെ അവരുടെ ഒരൊറ്റ പണവും റിലീസ് ചെയ്യില്ല.

ഹോർമുസ് കടലിടുക്ക് തുറക്കും: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി പൂർണ്ണമായും തുറന്നുനൽകും.

ഭീകരവാദ ഫണ്ടിംഗ് അവസാനിപ്പിക്കും: മേഖലയിലെ തീവ്രവാദി ഗ്രൂപ്പുകൾക്ക് ഇറാൻ നൽകിവരുന്ന എല്ലാവിധ സാമ്പത്തിക സഹായങ്ങളും അവസാനിപ്പിക്കും.

കൈവശമുള്ള ഫണ്ടുകൾ വിട്ടുനൽകാതെ യാതൊരു കരാറിലും ഒപ്പുവെക്കില്ലെന്നും തീവ്രവാദി ഗ്രൂപ്പുകൾക്കുള്ള സാമ്പത്തിക സഹായത്തെക്കുറിച്ച് ചർച്ച ചെയ്യാനില്ലെന്നുമുള്ള മുൻ നിലപാടുകളിൽ നിന്ന് ഇറാൻ പിന്നോട്ട് പോയെന്നാണ് യു.എസ് ഉദ്യോഗസ്ഥന്റെ പ്രസ്താവന വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഇറാനെതിരെ കടുത്ത ഭാഷയിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. മാധ്യമങ്ങളിലൂടെ കരാറിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ടെഹ്റാന്റെ നടപടി ‘അപമാനകരം’ ആണെന്ന് ട്രംപ് കുറ്റപ്പെടുത്തി.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം വിട്ടുകൊടുക്കില്ലെന്നും അമേരിക്ക മരവിപ്പിച്ചു നിർത്തിയിരിക്കുന്ന 24 ബില്യൺ ഡോളറിന്റെ ഫണ്ട് വിട്ടുനൽകാൻ കരാറിൽ വ്യവസ്ഥയുണ്ടെന്നുമാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിനെതിരെയാണ് ട്രംപ് രംഗത്തെത്തിയത്. “വ്യാജ മാധ്യമങ്ങളിലേക്ക് ഇറാൻ ചോർത്തി നൽകിയ വിവരങ്ങൾക്ക് ഞങ്ങൾ എഴുതി ഒപ്പിട്ട യഥാർത്ഥ കരാറിലെ വ്യവസ്ഥകളുമായി യാതൊരു ബന്ധവുമില്ല,” ട്രംപ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി വ്യക്തമാക്കി.

More Stories from this section

family-dental
witywide