
ന്യൂയോര്‍ക്ക് : തന്റെ വന്‍ ആയുധശേഖരത്തെക്കുറിച്ചും രണ്ട് വ്യത്യസ്ത സ്‌കൂളുകളില്‍ ‘കില്‍ ലിസ്റ്റ്’ നടപ്പിലാക്കാന്‍ പദ്ധതിയിട്ടതായും വീമ്പിളക്കിയ യുഎസിലെ 11 വയസ്സുകാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. കുട്ടിയുടെ ആയുധ ശേഖരവും പൊലീസ് കയ്യോടെ പൊക്കി. കത്തികള്‍, വാളുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവയ്ക്കൊപ്പം ഒരു കൂട്ടം എയര്‍സോഫ്റ്റ് റൈഫിളുകള്‍, പിസ്റ്റളുകള്‍, വ്യാജ വെടിമരുന്നുകള്‍ എന്നിവ ഉള്‍പ്പെടെയാണ് ഡെപ്യൂട്ടികള്‍ പിടിച്ചെടുത്തത്. തിങ്കളാഴ്ച ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ വോലൂസിയ കൗണ്ടി ഷെരീഫ് മൈക്ക് ചിറ്റ്വുഡാണ് വിവരങ്ങള്‍ പങ്കുവെച്ചത്.
തന്റെ ആയുധശേഖരത്തിന്റെ വീഡിയോ സഹപാഠികളെ കാണിക്കുകയും അക്രമ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു 11 കാരന്‍. കൊലപ്പടുത്താന്‍ ഉദ്ദേശിക്കുന്നവരുടെ ഒരു ലിസ്റ്റും കുട്ടി എഴുതി സൂക്ഷിച്ചിരുന്നതായും വിവരമുണ്ട്. എന്നാല്‍ വെറുതെ വീമ്പിളക്കാനായാണ് കുട്ടി ഇതെല്ലാം ചെയ്തതെന്നാണ് കരുതുന്നത്.
ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്, ജോര്‍ജിയയിലെ അപലാച്ചി ഹൈസ്‌കൂളില്‍ നാലുപേരുടെ മരണത്തിനിടയാക്കിയ മാരകമായ വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ കാര്യങ്ങളുടെ ഗൗരവമേറുകയാണ്. അപലാച്ചി ഹൈസ്‌കൂളില്‍ നാല് പേരെ വെടിവെച്ച് കൊന്നതിന് 14 വയസ്സുള്ള ആണ്‍കുട്ടിക്കെതിരെ കുറ്റം ചുമത്തിയത് ശ്രദ്ധേയമാണ്. ഈ സംഭവം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ആക്രമണ ആയുധങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെടാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.













