
വാഷിംഗ്ടൺ: മിഷിഗണിലെ ഗ്രാൻഡ് റാപ്പിഡ്‌സിൽ നടന്ന പ്രചാരണ റാലിക്കിടെ വൈസ് പ്രസിഡൻ്റ് കമല ഹാരിസിനെ രൂക്ഷമായി വിമർശിച്ച് റിപ്പബ്ലിക്കൻ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ജെ.ഡി.വാൻസ്.
“എനിക്ക് ഈ രാജ്യത്തോട് യാതൊരു കൂറും ഇല്ലെന്ന തരത്തിൽ കമല ഹാരിസ് എന്തൊക്കെയോ പറഞ്ഞിരുന്നു. എനിക്കറിയില്ല കമല. ഞാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മറൈൻ കോർപ്സിൽ സേവനമനുഷ്ഠിക്കുകയും ഒരു ബിസിനസ്സ് പടുത്തുയർത്തുകയും ചെയ്തു. ചെക്ക് ശേഖരിക്കുകയല്ലാതെ നിങ്ങൾ എന്താണ് ചെയ്തത്?” വാൻസ് ചോദിച്ചു.
ദേശീയ ഗർഭച്ഛിദ്ര നിരോധനത്തെ പിന്തുണച്ചതിനും ഇൻ വിട്രോ ഫെർട്ടിലൈസേഷനെ സംരക്ഷിക്കുന്നതിനെതിരെ വോട്ട് ചെയ്തതിനും വാൻസിനെ വിമർശിച്ചുകൊണ്ട് വൈസ് പ്രസിഡൻ്റ് കമല ഹാരിസ് ബുധനാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വാൻസിന്റെ പരാമർശം.
“ഡൊണാൾഡ് ട്രംപ് തൻ്റെ പുതിയ മത്സരാർത്ഥിയായി ജെ.ഡി. വാൻസിനെ തിരഞ്ഞെടുത്തു. തൻ്റെ അജണ്ടകൾക്ക് റബ്ബർ സ്റ്റാമ്പ് ആകുമെന്ന് അറിയാവുന്ന ഒരാളെ ട്രംപ് തിരഞ്ഞു,” ഹാരിസ് വീഡിയോയിൽ പറഞ്ഞു.
കമല ഹാരിസിന് തന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞ വാൻസ്, രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിൽ നിന്ന് ചെക്ക് കളക്ട് ചെയ്യുകയല്ലാതെ കമല ഹാരിസിന് ചൂണ്ടിക്കാട്ടാൻ എന്ത് നേട്ടമാണ് ഉള്ളതെന്ന് പരിഹസിച്ചു.