സ്വേച്ഛാധിപതികളെ കുറിച്ചുള്ള പ്രസംഗം ട്രംപിനെ ലക്ഷ്യമിട്ടല്ലെന്ന് മാർപാപ്പ

ആംഗോള: സ്വേച്ഛാധിപതിയായ നേതാക്കൾ എന്ന പരാമർശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യമിട്ടതല്ലെന്ന് ലിയോ മാർപാപ്പ. ഈ ആഴ്ച നടത്തിയ പ്രസംഗത്തെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്ക് മറുപടിയായാണ് അദ്ദേഹത്തിന്റെ വിശദീകരണം. ആംഗോളയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിച്ച മാർപാപ്പ, പ്രസംഗം രണ്ടാഴ്ച മുമ്പ് തന്നെ തയ്യാറാക്കിയതാണെന്നും ട്രംപിന്റെ പ്രതികരണങ്ങൾക്ക് മുൻപുള്ളതാണെന്നും പറഞ്ഞു.“പ്രസിഡന്റുമായി വാദിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. അത്തരമൊരു ഉദ്ദേശവുമില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻപ് കാമറൂണിൽ നടത്തിയ പ്രസംഗത്തിൽ, യുദ്ധങ്ങൾക്കായി വൻതോതിൽ പണം ചെലവഴിക്കുന്ന ലോകനേതാക്കളെ മാർപാപ്പ വിമർശിച്ചിരുന്നു. “നശിപ്പിക്കാൻ ഒരു നിമിഷം മതി, പുനർനിർമ്മിക്കാൻ ഒരു ജീവിതകാലം പോലും മതിയാകാറില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ചികിത്സ, വിദ്യാഭ്യാസം, പുനർനിർമ്മാണം തുടങ്ങിയ മേഖലകൾ അവഗണിക്കപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ പരാമർശങ്ങൾ ട്രംപിനെ ലക്ഷ്യമിട്ടതാണെന്ന് ചിലർ വിലയിരുത്തിയതിനെ തുടർന്നാണ് വിവാദം ശക്തമായത്. അതേസമയം, “ മാർപാപ്പയ്ക്ക് പറയാനുള്ളത് പറയാം, എനിക്ക് എതിര്‍ക്കുകയും ചെയ്യാം,” എന്നാണ് ട്രംപ് പ്രതികരിച്ചത്. ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പോപ്പും ട്രംപും തമ്മിൽ നിലപാട് വ്യത്യാസങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിവാദം ഉയർന്നത്. ട്രംപ് മുമ്പ് മാർപാപ്പയെ വിദേശനയത്തിൽ “ദോഷകരനായ വ്യക്തി” എന്നും വിമർശിച്ചിരുന്നു.

അതേസമയം, നാലു ആഫ്രിക്കൻ രാജ്യങ്ങളിലായി 11 നഗരങ്ങൾ ഉൾപ്പെടുന്ന പര്യടനത്തിലാണ് ലിയോ മാർപാപ്പ. കഴിഞ്ഞ വർഷം മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള രണ്ടാമത്തെ പ്രധാന വിദേശ സന്ദർശനമാണിത്. ലോകത്തെ കത്തോലിക്ക വിശ്വാസികളിൽ വലിയൊരു വിഭാഗം ആഫ്രിക്കയിൽ ഉള്ളതും ഈ സന്ദർശനത്തിന്റെ പ്രാധാന്യം ഉയർത്തുന്നു.

Pope says ‘tyrants’ speech was not aimed at Trump

More Stories from this section

family-dental
witywide