ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ‘ശത്രുപക്ഷത്തുള്ളവരായി’ കണക്കാക്കി ആക്രമിക്കുമെന്ന് ഐആർജിസി കപ്പലുകൾക്ക് കർശന മുന്നറിയിപ്പ് നൽകി. ഇന്നലെ ഹോർമുസ് കടലിടുക്കിന് സമീപം ഇറാഖി എണ്ണയുമായി പോവുകയായിരുന്ന ഇന്ത്യൻ ടാങ്കറുകളായ ‘ജഗ് അർണവ്’ (Jag Arnav), ‘സൻമാർ ഹെറാൾഡ്’ (Sanmar Herald) എന്നിവയ്ക്ക് നേരെ ഇറാൻ സേന വെടിയുതിർത്തതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
ഹോർമുസ് കടലിടുക്ക് അടച്ച സാഹചര്യത്തിൽ കപ്പലുകൾ പേർഷ്യൻ ഗൾഫിലോ ഒമാൻ കടലിലോ തന്നെ നങ്കൂരമിടണമെന്ന് ഇറാൻ നാവികസേന ഉത്തരവിട്ടു. കടലിടുക്കിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നത് ശത്രുവിനോടുള്ള സഹകരണമായി കണക്കാക്കുമെന്നും അത്തരം കപ്പലുകളെ ലക്ഷ്യമിടുമെന്നും ഐആർജിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ മുന്നറിയിപ്പ് നൽകി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രസ്‌താവനകൾക്ക് യാതൊരു സാധുതയുമില്ലെന്നും കപ്പലുടമകൾ ഐആർജിസി നൽകുന്ന വാർത്താ അപ്ഡേറ്റുകൾ മാത്രം പിന്തുടരണമെന്നും ഇറാൻ നിർദ്ദേശിച്ചു.
യുഎസ് ഗവൺമെന്റ് ചർച്ചകളിൽ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് കടലിടുക്ക് വീണ്ടും അടയ്ക്കാൻ തീരുമാനിച്ചതെന്ന് ഇറാൻ വ്യക്തമാക്കി. തുറന്ന് ഒരു ദിവസത്തിന് ശേഷമാണ് ശനിയാഴ്‌ച വീണ്ടും അടയ്ക്കുന്നതായി ഇറാൻ അറിയിച്ചത്. ബുധനാഴ്ച അവസാനിക്കാനിരിക്കുന്ന വെടിനിർത്തൽ കരാർ അസ്ഥിരമായി തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ പുതിയ നീക്കം പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Iran closes Strait of Hormuz again; warns of attack on ships entering Hormuz









