പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യൻ കപ്പലുകൾക്ക് 12,980 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ ചരക്കുകപ്പലുകൾക്ക് കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ശനിയാഴ്ച‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അനുമതി നൽകിയത്. യോഗത്തിൽ ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടാകുന്ന അസ്ഥിരത കാരണം ഇന്ത്യൻ കപ്പലുകളുടെ ഗതാഗതം തടസ്സപ്പെടാതിരിക്കുന്നതിനും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനുമായുള്ള ഭാരത് മാരിടൈം ഇൻഷുറൻസ് പൂളിന് (ബിഎംഐ പൂൾ) കേന്ദ്ര സർക്കാർ അംഗീകാരം നൽകി.

ഹോർമുസ് കടലിടുക്കിലടക്കം പശ്ചിമേഷ്യൻ സംഘർഷം മൂലം കപ്പൽ ഗതാഗതം കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. അന്താരാഷ്ട്ര വിപണികളിൽ അസ്ഥിരതയുണ്ടാകുമ്പോഴും ഇന്ത്യൻ വ്യാപാരത്തിന് കുറഞ്ഞ ചെലവിലുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഇതോടെ ഇന്ത്യൻ വ്യാപാര മേഖല വിദേശ ഇൻഷുറൻസ് കമ്പനികളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്.

ഏകദേശം 12,980 കോടി രൂപയുടെ പരമാധികാര ഗ്യാരന്റിയുടെ പിന്തുണയോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്കും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കപ്പലുകൾക്കും ഇന്ത്യയിലേക്കോ പുറത്തേക്കോ ചരക്ക് കൊണ്ടുപോകുന്ന കപ്പലുകൾക്കും ഈ പൂൾ ഇൻഷുറൻസ് പിന്തുണ നൽകും. പ്രാരംഭഘട്ടത്തിൽ 10 വർഷത്തേക്കാണ് പദ്ധത് നടപ്പിലാക്കുന്നത്. ഇത് പിന്നീട് അഞ്ച് വർഷത്തേക്കുകൂടി നീട്ടാൻ സാധിക്കും.

അതേസമയം, അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികൾ ഇത്തരം യുദ്ധസാധ്യതയുള്ള മേഖലകളിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് വൻതോതിൽ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുകയോ, ഇൻഷുറൻസ് നിഷേധിക്കുകയോ ചെയ്യുന്നുണ്ട്. ഇതിന് പരിഹാരമെന്നോണമാണ് കേന്ദ്രം സ്വന്തം നിലയിൽ ഈ ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. ഇതുവരെ ഇന്ത്യ ഇൻഷുറൻസിനായി ആശ്രയിച്ചിരുന്നത് അന്താരാഷ്ട്ര ഗ്രൂപ്പുകളെയായിരുന്നു. എന്നാൽ പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ഇത്തരം ഗ്രൂപ്പുകൾ ഇൻഷുറൻസ് പരിരക്ഷ പെട്ടെന്ന് പിൻവലിക്കപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് രാജ്യം സ്വന്തമായി ഇൻഷുറസ് നടപ്പാക്കുന്നത്.

The Union Cabinet, led by Prime Minister Narendra Modi, approved the ₹12,980 crore Bharat Maritime Insurance Pool (BMI Pool) on April 18, 2026, to protect Indian ships and trade from rising maritime risks amid the West Asia conflict.

More Stories from this section

family-dental
witywide