അമേരിക്കക്കാർ ജാഗ്രതൈ! ഹീറ്റ് ഡോം വരുന്നു; യുഎസിനെ കാത്തിരിക്കുന്നത് റെക്കോർഡ് ചൂട്;

യുഎസിലെ താപനില വരും ദിവസങ്ങളിൽ റെക്കോർഡിലേക്ക് ഉയരുകയും ഉഷ്ണതരംഗം ശക്തമാകുകയും ചെയ്യുമെന്ന് മുന്നറിയിപ്പ്. സീസണിലെ ആദ്യത്തെ പ്രധാന ഉഷ്ണ തരംഗം ഈ ആഴ്ച മിഡ്‌വെസ്റ്റിൻ്റെയും നോർത്ത് ഈസ്റ്റിന്റെയും ഭൂരിഭാഗവും മൂടും. ഇതിന്റെ ഫലമായി രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ ദൈനംദിന താപനില റെക്കോർഡ് ഭേദിക്കുമെന്നാണ് മുന്നറിയിപ്പ്.

“ചൊവ്വാഴ്‌ചയോടെ വടക്കുകിഴക്കൻ മേഖലയിലേക്ക് ചൂട് ഉയരും. 90 കളിൽ ഉയർന്ന താപനില, വെർമോണ്ട്, ന്യൂ ഹാംഷെയർ എന്നിവിടങ്ങളിൽ ഉണ്ടായേക്കാം,” “ബുധനാഴ്‌ച ഉച്ചയോടെ, ന്യൂ ഇംഗ്ലണ്ടിൻ്റെ ഉൾപ്രദേശങ്ങളിലെ ചില സ്ഥലങ്ങളിൽ താപനില ഈ നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന പോയിന്റിൽ എത്തിയേക്കും. ചില സ്ഥലങ്ങളിൽ ദൈനംദിന റെക്കോർഡുകൾ ഭേദിക്കപ്പെടും.”

അയോവ, ഇല്ലിനോയിസ്, മിഷിഗൺ, കെൻ്റക്കി, പെൻസിൽവാനിയ, ന്യൂയോർക്ക്, വെർമോണ്ട് എന്നിവയുൾപ്പെടെ 17 സംസ്ഥാനങ്ങൾ തിങ്കളാഴ്ച ഉച്ചവരെ ഉഷ്ണ തരംഗത്തിന്റെ ഭീഷണിയിലായിരുന്നു. ദശലക്ഷക്കണക്കിന് ആളുകളെ ഉഷ്ണ തരംഗം ബാധിക്കും.

ഹീറ്റ് ഡോം അഥവാ താപഗോപുരമാണ് അതികഠിനമായ ഉഷ്ണത്തിന് കാരണമാകുന്നത്. ഹീറ്റ് ഡോം സാധാരണയായി ഒരു പ്രദേശത്ത് നിലനിൽക്കുന്ന ഉയർന്ന മർദ്ദ സംവിധാനമാണ്. വായുവിന് പുറത്തേക്ക് പോകാൻ കഴിയാതെ വരുന്നതോടെ “ഹീറ്റ് ഡോം” എന്ന് വിളിക്കപ്പെടുന്ന ഒരു രൂപം സൃഷ്ടിക്കപ്പെടുന്നു. ഇത് താപനില ഉയരാൻ കാരണമാകുന്നു.

“ഈ വർഷത്തെ ചൂട് കാലത്ത് താരതമ്യേന തുടക്കത്തിൽ ഈ ഹീറ്റ് ഡോം എത്തുന്നുണ്ട്. ഈ ഉയർന്ന താപനിലയുമായി ഇതുവരെ പൊരുത്തപ്പെടാത്ത ധാരാളം ആളുകൾ ഉണ്ട്,” ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ഹീറ്റ് പോളിസി ഇന്നൊവേഷൻ ഹബ്ബ് മേധാവി ആഷ്ലി വാർഡ് പ്രസ്താവനയിൽ പറഞ്ഞു.

“ധാരാളം ദ്രാവകങ്ങൾ കുടിക്കാനും എയർകണ്ടീഷൻ ചെയ്ത മുറിയിൽ കഴിയാനും സൂര്യപ്രകാശം ഏൽക്കാതിരിക്കാനും ബന്ധുക്കളെയും അയൽക്കാരെയും ഇടക്കിടെ അന്വേഷിക്കാനും” ദേശീയ കാലാവസ്ഥാ സേവനം ആളുകളോട് മുന്നറിയിപ്പ് നൽകി. രാത്രികാല താപനിലയും അത്ര ആശ്വാസകരമാകില്ല.

“65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉള്ളവർ, ഗർഭിണികൾ, പാർപ്പിടം ഇല്ലാത്തവർ എന്നിവർ കൂടുതൽ മുൻകരുതലുകൾ എടുക്കണം. അതുപോലെ തന്നെ വിദ്യാർത്ഥി-അത്‌ലറ്റുകളും ചൂടുമായി കൂടുതൽ എക്സ്പോഷർ ഉണ്ടാകാൻ സാധ്യതയുള്ള ജോലികൾ ചെയ്യുന്നവർ, ഔട്ട്ഡോർ തൊഴിലാളികൾ, വെയർഹൗസ് ജീവനക്കാർ തുടങ്ങിയവരും ശ്രദ്ധിക്കണം,” മുന്നറിയിപ്പിൽ പറയുന്നു.