
ഫിലാഡല്‍ഫിയ : സൗത്ത് ഫിലാഡല്‍ഫിയയിലെ 7-ഇലവന്‍ എന്ന സ്ഥാപനത്തിന്റെ ഉടമയ്ക്ക് ലഭിച്ചത് 300 ഡോളറില്‍ കൂടുതല്‍ വിലമതിക്കുന്ന വ്യാജ നോട്ടുകള്‍. വ്യാജ നോട്ടാണെന്ന് പെട്ടെന്ന് മനസിലാക്കാന്‍ കഴിയാത്ത തരത്തിലുള്ള നോട്ടുകളായിരുന്നു അതെന്ന് ഫ്രാഞ്ചൈസി ഓണേഴ്സ് അസോസിയേഷന്റെ വക്താവ് മലയാളിയായ വിന്‍സെന്റ് ഇമ്മാനുവല്‍ പറഞ്ഞു.
ഏപ്രില്‍ 3 നായിരുന്നു സംഭവം. അര്‍ദ്ധരാത്രിക്ക് ശേഷം 23-ാം സ്ട്രീറ്റിന്റെയും ഈസ്റ്റ് പാസ്യുങ്ക് അവന്യൂവിന്റെയും സമീപത്തുള്ള കടയിലേക്ക് ഒരാള്‍ എത്തിയതും പണം കൈമാറുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ആദ്യ ഇടപാടില്‍, അയാള്‍ അഞ്ച് വ്യാജ 20 ഡോളര്‍ നോട്ടുകള്‍ കൈമാറി. കാഷ്യര്‍ പണം എടുത്ത് കാഷ് ആപ്പ് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ശേഷം അയാള്‍ പുറത്തേക്കുപോയി മൂന്ന് മിനിറ്റിനുശേഷം, മടങ്ങിയെത്തിയയാള്‍ തന്റെ പക്കലുണ്ടായിരുന്ന ബാക്കി പണം കൂടി കാഷ് ആപ്പ് അക്കൗണ്ടിലാക്കാന്‍ നല്‍കി. സംഭവം കാഷ്യര്‍ക്ക് മനസ്സിലായപ്പോഴേക്കും കടയില്‍ നിന്ന് 320 ഡോളര്‍ തീര്‍ന്നിരുന്നു.
‘നമ്മളെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്ന ആളുകളെ തടയേണ്ടതുണ്ടെന്നും വ്യാജ പണം നല്‍കി മറ്റ് കടകളെയും ലക്ഷ്യംവയ്ക്കാന്‍ സാധ്യതയുണ്ടെന്നും’ ഇമ്മാനുവല്‍ ആശങ്കപ്പെടുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കള്ളപ്പണം കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.















