
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൻ്റെ സൗത്ത് ലോണിൽ ചരിത്രം കുറിച്ച് അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ് മിക്സഡ് മാർഷൽ ആർട്സ് പോരാട്ടത്തിന് തുടക്കമായി. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെയും പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ 80-ാം ജന്മദിനത്തിൻ്റെയും ഭാഗമായാണ് “യുഎഫ്സി ഫ്രീഡം 250” എന്ന് പേരിട്ടിരിക്കുന്ന ഈ വമ്പൻ കായികമാമാങ്കം സംഘടിപ്പിച്ചിരിക്കുന്നത്.
തൻ്റെ ദീർഘകാല സുഹൃത്തും യുഎഫ്സി പ്രസിഡൻ്റുമായ ഡാന വൈറ്റിനൊപ്പമാണ് ട്രംപ് വൈറ്റ് ഹൗസിൻ്റെ ട്രൂമാൻ ബാൽക്കണിയിൽ കാണികളെ അഭിവാദ്യം ചെയ്യാൻ എത്തിയത്. ജനക്കൂട്ടത്തിൽ നിന്നുള്ള ജന്മദിനാശംസകൾക്ക് നടുവിൽ, സാക് ബ്രൗൺ ബാൻഡിൻ്റെയും സായുധ സേനയുടെയും സംയുക്ത ദേശീയ ഗാനാലാപനത്തോടെയും സൈനിക വിമാനങ്ങളുടെ ഫ്ലൈഓവറോടെയും പരിപാടികൾക്ക് തുടക്കമായി.

വൈറ്റ് ഹൗസ് വളപ്പിൽ പ്രത്യേകം തയ്യാറാക്കിയ ‘ദി ക്ലൊ’ എന്ന കൂറ്റൻ മേൽക്കൂരയും ഭീമാകാരമായ വീഡിയോ സ്ക്രീനുകളും അടങ്ങുന്ന യുഎഫ്സി ഒക്ടഗൺ റിംഗിലാണ് മത്സരങ്ങൾ നടക്കുന്നത്. കനത്ത കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കുന്നുണ്ടെങ്കിലും പരിപാടിയുമായി മുന്നോട്ട് പോകാനാണ് വൈറ്റ് ഹൗസിൻ്റെ തീരുമാനം.
നിരവധി നിയമപരമായ വെല്ലുവിളികളും വിവാദങ്ങളും നേരിട്ടാണ് ഈ പരിപാടി അരങ്ങേറുന്നത്. ഔദ്യോഗിക രേഖകൾ പ്രകാരം ഏകദേശം 60 മില്യൺ ഡോളറിലധികം (ഏകദേശം 500 കോടിയിലധികം ഇന്ത്യൻ രൂപ) ചിലവഴിച്ചാണ് ഈ ഫൈറ്റ് നൈറ്റ് ഒരുക്കിയിരിക്കുന്നത്. ഏഴിലധികം ഫെഡറൽ ഏജൻസികളിലെ നൂറുകണക്കിന് ജീവനക്കാർ കഴിഞ്ഞ 11 മാസമായി ഇതിൻ്റെ ആസൂത്രണത്തിനായി രംഗത്തുണ്ട്.
അസസ്മെൻ്റ് റിവ്യൂ 1′ എന്ന അതീവ സുരക്ഷാ വിഭാഗത്തിലാണ് ഈ പരിപാടിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് സീക്രട്ട് സർവീസും യു.എസ് പാർക്ക് പൊലീസും ചേർന്നാണ് സുരക്ഷ ഉറപ്പാക്കുന്നത്. നിലവിൽ സുരക്ഷാ ഭീഷണികൾ ഒന്നും തന്നെയില്ലെന്ന് അധികൃതർ വ്യക്തമാക്കി. സൗത്ത് ലോണിലെ പ്രധാന വേദിയിലേക്ക് 4,000 ത്തോളം പ്രമുഖ ക്ഷണിതാക്കൾക്ക് മാത്രമാണ് പ്രവേശനമെങ്കിലും, വൈറ്റ് ഹൗസിന് പുറത്തുള്ള ദ എലിപ്സ്, ലിങ്കൺ മെമ്മോറിയൽ പരിസരങ്ങളിലായി ഏകദേശം 1,25,000 ഓളം ആരാധകർ മത്സരം തത്സമയം കാണാൻ തടിച്ചുകൂടിയിട്ടുണ്ട്. വിമാനത്താവളങ്ങൾക്ക് സമാനമായ കടുത്ത പരിശോധനകൾക്ക് ശേഷമാണ് ആരാധകരെ വാച്ച് പാർട്ടി നടക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച പോരാളികൾ പങ്കെടുക്കുന്ന, ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത ഒരു കായിക വിരുന്നാണിതെന്ന് പ്രസിഡൻ്റ് ട്രംപ് വിശേഷിപ്പിച്ചു.

ഏഴ് ഫെഡറൽ ഏജൻസികൾ ഈ പരിപാടിക്കായി “വലിയ തോതിലുള്ള വിഭവങ്ങളും മനുഷ്യവിഭവശേഷിയും വിന്യസിച്ചിട്ടുണ്ട്” എന്ന് കോടതി രേഖകളിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും, പരിപാടിയുടെ മുഴുവൻ ചിലവുകളും യുഎഫ്സി തന്നെയാണ് വഹിക്കുന്നതെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. ഈ പരിപാടിക്കായി കൃത്യമായി എത്രത്തോളം സർക്കാർ പണം ചിലവഴിച്ചുവെന്ന് രേഖകളിൽ വ്യക്തമാക്കുന്നില്ല. എങ്കിലും എക്സിക്യൂട്ടീവ് ഓഫീസ് ഓഫ് ദി പ്രസിഡൻ്റ്, യു.എസ്. സീക്രട്ട് സർവീസ്, യു.എസ്. പാർക്ക് പൊലീസ്, ഡിപ്പാർട്ട്മെൻ്റ് ഓഫ് ദി ഇൻ്റീരിയർ, നാഷണൽ പാർക്ക് സർവീസ്, ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ എന്നീ ഏഴ് ഏജൻസികൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, പരിപാടിയുടെ സുരക്ഷാ ചിലവുകൾ വഹിക്കുന്നത് നികുതിദായകരുടെ പണത്തിൽ നിന്നായിരിക്കും.
കഴിഞ്ഞ വ്യാഴാഴ്ച മാധ്യമങ്ങൾക്കായി നടത്തിയ അരീനയുടെ പ്രിവ്യൂവിൽ കണ്ടതുപോലെ, യുഎഫ്സി ഒക്ടഗണിൻ്റെ വലക്കണ്ണികളിലും പാഡ് ചെയ്ത കോണുകളിലും വിവിധ സ്പോൺസർമാരുടെ ലോഗോകൾ പതിപ്പിച്ചിട്ടുണ്ട്. ഇതിൽ പല കമ്പനികൾക്കും ട്രംപുമായി അടുത്ത ബന്ധമുള്ളവയാണ്: മോർഗൻ ആൻഡ് മോർഗൻ, ബഡ് ലൈറ്റ്, ഡോഡ്ജ് റാം, കൊറോണ എക്സ്ട്രാ, കൂടാതെ വിവാദ പ്രവചന വിപണിയായ പോളിമാർക്കറ്റ് എന്നിവയാണവ.
ഇത്തരം പ്രവചന വിപണികളിലെ പന്തയങ്ങൾ കടുത്ത നിരീക്ഷണത്തിന് വിധേയമായിരിക്കുന്ന ഈ സാഹചര്യത്തിൽ, പോളിമാർക്കറ്റിന്റെ സ്പോൺസർഷിപ്പ് വൈറ്റ് ഹൗസ് ജീവനക്കാർക്കും അവരുടെ സഖ്യകക്ഷികൾക്കും ഇടയിൽ ഉണ്ടായേക്കാവുന്ന ‘ഇൻസൈഡർ ട്രേഡിംഗ്’ (രഹസ്യ വിവരങ്ങൾ ചോർത്തി പന്തയം വെക്കൽ) സംബന്ധിച്ച ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്.
അമേരിക്കയിൽ ‘യുഎഫ്സി ഫ്രീഡം 250’ ഞായറാഴ്ച രാത്രി 8 മണിക്ക് പാരാമൗണ്ട് പ്ലസിൽ തത്സമയം സംപ്രേഷണം ചെയ്യും. യുഎഫ്സി അറിയിപ്പ് പ്രകാരം രണ്ട് പ്രധാന കിരീട പോരാട്ടങ്ങളാണ് ഈ ഇവന്റിൽ പ്രധാന ആകർഷണം: ലൈറ്റ്‌വെയ്റ്റ് കിരീടത്തിനായി ഇലിയ ടോപ്പുരിയയും ജസ്റ്റിൻ ഗേജിയും തമ്മിലുള്ള പോരാട്ടവും, ഹെവിവെയ്റ്റ് ഇന്ററിം കിരീടത്തിനായി അലക്സ് പെരേരയും സിറിൽ ഗെയ്നും തമ്മിലുള്ള പോരാട്ടവും. ഇതുകൂടാതെ മറ്റ് അഞ്ച് മത്സരങ്ങളും ഉണ്ടായിരിക്കും. ഇവ കൂടാതെ ആരാധകർക്കായി വിപുലമായ മറ്റ് പരിപാടികളും ഈ വാരാന്ത്യത്തിൽ യുഎഫ്സി ഒരുക്കിയിട്ടുണ്ട്. യുഎഫ്സി താരങ്ങൾ പങ്കെടുക്കുന്ന തത്സമയ ഷോകൾ, പ്രമുഖ വ്യക്തികളുടെ സാന്നിധ്യം, വേദിയിലെ പ്രത്യേക നിമിഷങ്ങൾ, താരങ്ങളെ നേരിട്ട് കാണാനുള്ള അവസരം, തത്സമയ സംഗീത പരിപാടികൾ, കൂടാതെ യുഎഫ്സി ഫ്രീഡം 250-ൻ്റെ ഔദ്യോഗിക വെയ് ഇൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
500 crore sports mega event; UFC Octagon rises on White House South Lawn after controversy, Trump makes history on his birthday














