
വാഷിംഗ്ടൺ: അമേരിക്കയുടെ കിഴക്കൻ തീരപ്രദേശങ്ങളിൽ ശക്തമായ കൊടുങ്കാറ്റും കനത്ത നാശനഷ്ടവും. വടക്കൻ ജോർജിയ മുതൽ മെയ്ൻ വരെയുള്ള പ്രദേശങ്ങളിലെ ഏകദേശം 8 കോടിയോളം ജനങ്ങളോട് അധികൃതർ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി. ന്യൂയോർക്ക് സിറ്റി, വാഷിംഗ്ടൺ ഡി.സി., ഫിലാഡൽഫിയ അടക്കമുള്ള പ്രധാന നഗരങ്ങളെല്ലാം നിലവിൽ കൊടുങ്കാറ്റ് ഭീഷണിയിലാണ്.
മണിക്കൂറിൽ 84 മൈൽ വരെ വേഗതയിൽ വീശിയടിച്ച കാറ്റിൽ മിസോറിയിലെ നിയോഷോയിൽ വ്യാപക നാശനഷ്ടമുണ്ടായി. മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു. സെൻട്രൽ പ്ലെയിൻസ് മേഖലയിൽ പെയ്ത ശക്തമായ ആലിപ്പഴ വർഷം ജനജീവിതം ദുസ്സഹമാക്കി. കാൻസാസ്, നെബ്രാസ്ക എന്നിവിടങ്ങളിൽ സോഫ്റ്റ്ബോൾ വലുപ്പത്തിലുള്ള ആലിപ്പഴമാണ് പതിച്ചത്. കനത്ത മോശം കാലാവസ്ഥയെ തുടർന്ന് കാൻസാസ് സിറ്റിയിലെ പ്രശസ്തമായ കഫ്മാൻ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ബേസ്ബോൾ മത്സരം മണിക്കൂറുകളോളം വൈകി. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകർക്ക് അടിയന്തര നിർദ്ദേശം നൽകിയിരുന്നു.
അതേസമയം തെക്കൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ടെക്സസ് മുതൽ ജോർജിയ വരെയുള്ള പ്രദേശങ്ങളിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരും. ചിലയിടങ്ങളിൽ 2 ഇഞ്ച് വരെ മഴ ലഭിച്ചേക്കാം.
മഴയും കൊടുങ്കാറ്റും തുടരുമ്പോഴും രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കാലിഫോർണിയയിലെ സാൻ ജോക്വിൻ വാലി, പസഫിക് നോർത്ത് വെസ്റ്റ് തീരങ്ങൾ എന്നിവിടങ്ങളിൽ താപനില 100 ഡിഗ്രി കടന്നു. വരും ദിവസങ്ങളിൽ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് പ്രവചനം. രാത്രി കാലങ്ങളിലും ചൂടിന് വലിയ കുറവുണ്ടാകില്ലെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഫ്ലോറിഡ, ജോർജിയ തുടങ്ങിയ തെക്കുകിഴക്കൻ മേഖലകളിലും കടുത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ തുടരുകയാണ്.
Storm causes heavy damage in eastern US; 80 million people under alert, heatwave in various places















