
ഹ്യൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ ഒത്തുചൂടിയ പതിനായിരക്കണക്കിന് ഫുട്ബോൾ ആരാധകരെ സാക്ഷി നിർത്തി ജർമ്മനി ക്യുറസാവോയെ തകർത്തുവിട്ടത് ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക്. കേവലം ഒരു ജയത്തിനപ്പുറം, റെക്കോർഡുകളും അപ്രതീക്ഷിത നിമിഷങ്ങളും നിറഞ്ഞ ഒരു അവിസ്മരണീയ ഫുട്ബോൾ രാത്രിയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്.
‘7-1’ എന്ന സ്കോർലൈൻ കേൾക്കുമ്പോൾ തന്നെ ആരാധകരുടെ മനസ്സിലേക്ക് ഓടിയെത്തുക 2014 ലോകകപ്പിൽ ബ്രസീലിനെ ജർമ്മനി തകർത്ത ചരിത്ര നിമിഷമാണ്. വർഷങ്ങൾക്ക് ശേഷം മറ്റൊരു ലോകകപ്പ് വേദിയിൽ ജർമ്മനി ഇതേ സ്കോറിന് വിജയം ആവർത്തിച്ചത് ആരാധകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്.
അതേസമയം, ലോകകപ്പിൽ തങ്ങളുടെ കന്നി മത്സരം കളിക്കാനിറങ്ങിയ കരീബിയൻ ദ്വീപ് രാജ്യമായ ക്യുറസാവോ കളി തോറ്റെങ്കിലും ആരാധകരുടെ നെഞ്ചിൽ ഇടംനേടി. മത്സരത്തിൻ്റെ 21-ാം മിനിറ്റിൽ ലിവാനോ കോമനൻസിയയിലൂടെ അവർ ജർമ്മനിക്കെതിരെ സമനില ഗോൾ (1-1) നേടി ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു! ലോകകപ്പ് ചരിത്രത്തിൽ ക്യുറസാവോ നേടുന്ന ഏറ്റവും ആദ്യത്തെ ഗോളാണിത്.
ഈ വമ്പൻ വിജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഒരു പുതിയ നാഴികക്കല്ല് കൂടി ജർമ്മനി സ്വന്തമാക്കി. ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ടീമെന്ന ബ്രസീലിൻ്റെ റെക്കോർഡാണ് ജർമ്മനി ഈ മത്സരത്തിലൂടെ മറികടന്നത് (ആകെ 239 ലോകകപ്പ് ഗോളുകൾ).
അഞ്ചാം മിനിറ്റിൽ തന്നെ ഫെലിക്സ് നമേച്ചയിലൂടെ ജർമ്മനി അക്കൗണ്ട് തുറന്നു. 21-ാം മിനിറ്റിൽ കോമനൻസിയയിലൂടെ ക്യുറസാവോ തിരിച്ചടിച്ചതോടെ മത്സരം ആവേശഭരിതമായി. സമനില വഴങ്ങിയതോടെ ഉണർന്നുകളിച്ച ജർമ്മനി പിന്നീട് ക്യുറസാവോയ്ക്ക് ഒരവസരവും നൽകിയില്ല. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ജർമനിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. മേച്ചയെ റിച്ചെഡ്‌ലി ബസോയെർ ബോക്‌സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി സ്‌പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത കായ് ഹാവെർട്‌സ് പന്ത് അനായാസം വലയിലെത്തിച്ചു.
രണ്ടാം പകുതിയിലും ജർമൻ ആക്രമണങ്ങൾക്ക് പഞ്ഞമുണ്ടായില്ല. 47-ാം മിനിറ്റിൽ ക്യാപ്റ്റൻ ജോഷ്വാ കിമ്മിഷിൻ്റെ പാസ് വലയിലാക്കി മുസിയാല ജർമനിയുടെ ഗോൾ നേട്ടം നാലാക്കി. അതോടെ ക്യുറാസോ താരങ്ങളുടെ ശരീരഭാഷ തന്നെ മാറിപ്പോയി. പിന്നീട് മൈതാനത്ത് തുടർച്ചയായി ജർമൻ മുന്നേറ്റങ്ങൾ മാത്രമായിരുന്നു. 68-ാം മിനിറ്റിൽ നഥാനിയെൽ ബ്രൗണും 78-ാം മിനിറ്റിൽ ഡെനിസ് ഉൻഡാഫും 88-ാം മിനിറ്റിൽ രണ്ടാം ഗോളുമായി ഹാവെർട്‌സും അവരുടെ ഗോൾ പട്ടിക പൂർത്തിയാക്കി.
കൈ ഹാവെർട്സ് (രണ്ട് ഗോളുകൾ), ഷ്ലോട്ടർബെക്ക്, മുസിയാല, ബ്രൗൺ, ഉണ്ടാവ് എന്നിവർ തുടരെത്തുടരെ വല കുലുക്കിയതോടെ ജർമ്മനിയുടെ ഗോൾപട്ടിക തികഞ്ഞു. ഇതോടെ, ചെറിയ ടീമുകളുടെ പോരാട്ടവീര്യവും വലിയ ടീമുകളുടെ ക്ലാസ്സിക് ഗെയിമും ഒത്തുചേർന്ന ഈ മത്സരം ഈ ലോകകപ്പിലെ ഏറ്റവും മികച്ച കാഴ്ചകളിൽ ഒന്നായി മാറി.
Germany crushes Curacao 7-1















