
വാഷിംഗ്ടൺ: ദശാബ്ദങ്ങളായി തുടരുന്ന യുഎസ്-ഇറാൻ ശത്രുതയ്ക്ക് വിരാമമിട്ടുകൊണ്ടുള്ള ചരിത്രപരമായ സമാധാന കരാർ വരുന്ന വെള്ളിയാഴ്ച ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. മുൻഗാമികളായ പല യുഎസ് പ്രസിഡന്റുമാരും പരാജയപ്പെട്ടിടത്താണ് താൻ ഈ ചരിത്ര നേട്ടം കൈവരിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് അദ്ദേഹം ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.
“ഈ വലിയ കരാർ മിഡിൽ ഈസ്റ്റ് മേഖലയിലുടനീളം ശാശ്വതമായ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരും. മുൻപ് പല പ്രസിഡൻ്റുമാരും ഇറാനുമായി സമാധാന ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മേഖലയിലെ ഭരണാധികാരികൾക്ക് യഥാർത്ഥ സമാധാനം കൈവരിക്കാൻ സഹായിക്കുന്ന ഒരു യുഎസ് പ്രസിഡൻ്റിനെ ചരിത്രത്തിൽ ആദ്യമായി ലഭിച്ചിരിക്കുകയാണ്,” ട്രംപ് കുറിച്ചു.
വെള്ളിയാഴ്ച കരാർ ഒപ്പുവെക്കുന്നതോടെ സമുദ്രഭാഗത്തെ മൈനുകൾ (കടൽ ബോംബുകൾ) നീക്കം ചെയ്യുന്നതിനായി തന്ത്രപ്രധാനമായ കടലിടുക്ക് ഔദ്യോഗികമായി തുറന്നുനൽകും. ഇതോടെ ആഗോള വിപണിയിലേക്കുള്ള എണ്ണയൊഴുക്ക് ഇരുവശങ്ങളിൽ നിന്നും പഴയപടിയാകുമെന്നും ആഗോള ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, യുഎസുമായുള്ള സമാധാന കരാർ അന്തിമമാക്കിയതായും ഇതിൻ്റെ ഔദ്യോഗിക ഒപ്പുവെക്കൽ വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ നടക്കുമെന്നും ഇറാൻ്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി സ്ഥിരീകരിച്ചു. ഇറാൻ ഔദ്യോഗിക ടെലിവിഷൻ വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“ലെബനൻ ഉൾപ്പെടെയുള്ള വിവിധ മുന്നണികളിലെ യുദ്ധവും സൈനിക നടപടികളും ഉടനടി സ്ഥിരമായി അവസാനിപ്പിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് രാത്രി ഉണ്ടാകും,” അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം ഇറാന് മേലുള്ള യുഎസിൻ്റെ നാവിക ഉപരോധം ഇന്ന് രാത്രിയോടെ പിൻവലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, വെള്ളിയാഴ്ച ജനീവയിൽ നടക്കുന്ന കരാർ ഒപ്പുവെക്കൽ ചടങ്ങിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പങ്കെടുക്കാൻ പദ്ധതിയിടുന്നതായും ട്രംപും ഇതിൽ ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കരാർ നേരിട്ട് ഒപ്പുവെക്കുന്ന ചടങ്ങിലേക്ക് വാൻസ് യാത്ര ചെയ്യാനാണ് സാധ്യതയെന്നും അത് വിയന്നയിലായിരിക്കുമെന്നും കഴിഞ്ഞ ദിവസങ്ങളിൽ യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് വൈസ് പ്രസിഡന്റിന്റെ നീക്കങ്ങളും യുഎസ് വിമാനങ്ങളുടെ സ്ഥാനങ്ങളും പലരും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു.
US, Iran confirm peace deal to be signed on Friday















