
ഫ്‌ളോറിഡ : ഫ്‌ളോറിഡയില്‍ നിറതോക്കുമായി സ്‌കൂള്‍ ബസില്‍ കയറിയ 9 വയസ്സുകാരന്‍ പൊലീസ് പിടിയിലായി. തോക്ക് സ്‌കൂളില്‍ കൊണ്ടുവന്നതിനും മോഷ്ടിച്ചതിനും കൈവശം വെച്ചതിനുമടക്കം കുട്ടിക്കെതിരെ നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ഒകാലയിലെ മാരിയോണ്‍ കൗണ്ടിയിലെ കോളേജ് പാര്‍ക്ക് എലിമെന്ററി സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നതിനിടെയാണ് ഒരു സ്‌കൂള്‍ ബസില്‍ കുട്ടി തോക്കുമായി എത്തിയ വിവരം മറ്റുകുട്ടികള്‍ ഡ്രൈവറെ അറിയിച്ചത്. ഇതോടെ ഡ്രൈവര്‍ പൊലീസ് വിളിക്കുകയായിരുന്നു. പൊലീസ് എത്തി കുട്ടിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ബന്ധുവിന്റെ കിടപ്പുമുറിയില്‍’ നിന്ന് അനുമതിയില്ലാതെ തോക്ക് എടുത്ത് കുട്ടി സ്‌കൂളിലേക്ക് കൊണ്ടുവരികയായിരുന്നു. താന്‍ തോക്ക് സുരക്ഷിതമായാണ് സൂക്ഷിച്ചതെന്നും ഇതറിയാമായിരുന്ന കുട്ടി തോക്ക് കൈക്കലാക്കുകയായിരുന്നുവെന്നും ബന്ധു പൊലീസിന് മൊഴി നല്‍കി. തോക്ക് നിയമാനുസൃതമായി സൂക്ഷിച്ചിരുന്നതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.















