ബോസിൻ്റെ ജീവൻ രക്ഷിക്കാൻ വൃക്ക ദാനം ചെയ്തു, പിന്നീട് ജോലിയിൽനിന്നുപോലും പുറത്താക്കി- 2012 ലെ കണ്ണീരുണങ്ങാത്ത സംഭവം വീണ്ടും വൈറൽ

ന്യൂയോർക്ക് : തന്റെ ബോസിന്റെ ജീവൻ രക്ഷിക്കാൻ വൃക്കദാനം ചെയ്യുമ്പോൾ ഡെബ്ബി സ്റ്റീവൻസ് ജീവിതം ഇത്രയേറെ മാറിമറിയുമെന്നോ നിയമപോരാട്ടത്തിലേക്ക് നീങ്ങേണ്ടി വരുമെന്നോ പോലും വിചാരിച്ചിരുന്നില്ല. രണ്ട് കുട്ടികളുടെ അമ്മയായ 47കാരി ഡെബ്ബിക്ക് 2012നുശേഷം ജീവിതം ഒരു പൊള്ളുന്ന അനുഭവമാണ്.

2011ൽ ന്യൂയോർക്ക് സ്വദേശിയായ ഡെബ്ബി സ്റ്റീവൻസ് തന്റെ ബോസ് ജാക്കി ബ്രൂസിയയ്ക്ക് ഒരു വൃക്ക ദാനം ചെയ്തു. ട്രാൻസ്പ്ലാൻറ് വിജയകരമായിരുന്നെങ്കിലും, ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ബോസ് തന്നോട് മോശമായി പെരുമാറിയെന്നും ഓപ്പറേഷന്റെ സങ്കീർണതകൾ കാരണം പ്രതീക്ഷിച്ച വേഗതയിൽ പ്രവർത്തിക്കാത്തതിന് തന്നെ പിരിച്ചുവിട്ടെന്നും സ്റ്റീവൻസ് അവകാശപ്പെടുന്നു. പത്തുവർഷത്തിനുമുമ്പ് സംഭവിച്ച ഒരു കാര്യമാണെങ്കിലും ഡെബ്ബിയുടെ കഥ സോഷ്യൽ മീഡിയയിലും റെഡ്ഡിറ്റിലും വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത് ജോലിസ്ഥലങ്ങളിലെ വിശ്വസ്തതയെയും വഞ്ചനയെയും കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു.

അറ്റ്ലാന്റിക് ഓട്ടോമോട്ടീവ് ഗ്രൂപ്പിൽ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന സ്റ്റീവൻസ്, ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ബോസ് ജാക്കി ബ്രൂസിയ തന്നോട് “ഭയാനകമായും, ക്രൂരമായും, മനുഷ്യത്വരഹിതമായും” പെരുമാറാൻ തുടങ്ങിയെന്ന് വെളിപ്പെടുത്തിയിരുന്നു. “എന്റെ വൃക്ക ലഭിക്കാൻ വേണ്ടി അവൾ എന്നെ നിയമിച്ചതുപോലെയായിരുന്നു അത്,” സ്റ്റീവൻ എബിസി ന്യൂസിനോട് പറഞ്ഞു. തൻ്റെ ബോസിന് വൃക്ക നൽകിയപ്പോൾ ജോലി സുരക്ഷയോ ശമ്പള വർദ്ധനവോ നേടാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തൻ്റെ വ്യക്തിത്വം അങ്ങനെ ആയതുകൊണ്ടാണെന്നും അവർ പറയുന്നു. തൻ്റെ ബോസ് ജീവന് വേണ്ടി പോരാടുന്നത് കണ്ടെന്നും അവർ മരിക്കരുതെന്ന് താൻ ആഗ്രഹിച്ചുവെന്നും സ്റ്റീവൻസ് പറഞ്ഞു.

2011 ഓഗസ്റ്റ് 10 ന് സ്റ്റീവൻസ് ശസ്ത്രക്രിയയ്ക്ക് വിധേയയായി, നാല് ആഴ്ച കഴിഞ്ഞ് ജോലിയിൽ തിരിച്ചെത്തി. അപ്പോഴാണ് പീഡനം ആരംഭിച്ചതെന്ന് അവർ അവകാശപ്പെടുന്നു. “ഞാൻ ഒരിക്കലും ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് എന്നോട് ദേഷ്യപ്പെട്ടു, എന്റെ മേശയിൽ നിന്ന് ഇറങ്ങാൻ പോലും അവൾ എന്നെ അനുവദിക്കാത്ത അവസ്ഥയിലേക്ക് ജോലിഭാരം നല്കി. പിന്നീട് തന്നെ 50 മൈൽ അകലെയുള്ള ഒരു ഡീലർഷിപ്പിലേക്ക് മാറ്റി. തനിക്കുമേലുള്ള സമ്മർദ്ദം വർദ്ധിച്ചു. ഒടുവിൽ സ്റ്റീവൻസിന് ഒരു സൈക്യാട്രിസ്റ്റിനെ സമീപിക്കേണ്ടിപ്പോലും വന്നു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തെന്നും ഇതോടെ അഭിഭാഷകരെ കണ്ട് അവർ കമ്പനിക്ക് ഒരു കത്ത് അയച്ചു. പിന്നീട് ഫലമില്ലെന്ന് കണ്ടതോടെ സ്റ്റീവൻസിന്റെ അഭിഭാഷകനും നഷ്ടപ്പെട്ട ശമ്പളത്തിനും താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

സ്റ്റീവൻസ് 15 മില്യൺ ഡോളറിന് കേസ് ഫയൽ ചെയ്യുകയും 2014 ൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കുകയും ചെയ്തു. പക്ഷേ ഇതോടെ അവരുടെ കേസ് രോഷം ജ്വലിപ്പിക്കുകയും ജോലിസ്ഥലങ്ങൾ ജീവനക്കാരോട് എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഉയരുകയും ചെയ്തു.

ഇങ്ങനെയാണെങ്കിൽ ഒരു കുടുംബാംഗത്തിനല്ലാതെ ആരെങ്കിലും വൃക്ക ദാനം ചെയ്യുന്നതിനെക്കുറിച്ച് എങ്ങനെ ആലോചിക്കുമെന്നും ആരെയും വിശ്വസിക്കാൻ കൊളളില്ലെന്നും മേലുദ്യോഗസ്ഥർ പലപ്പോഴും തൊഴിലാളികളെ മുതലെടുക്കുമെന്നുമടക്കം പലരും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുണ്ട്.

A New York woman allegedly donated a kidney to her boss, was fired after she recovered and returned to work.

More Stories from this section

family-dental
witywide