
ന്യൂ ഓർലിയൻസ്: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ച കേസിൽ അമേരിക്കയിൽ 75-കാരൻ പിടിയിലായി. നിയമപരമായി തൻ്റെ പേര് ‘സാന്താക്ലോസ്’ എന്ന് മാറ്റിയ ജോർജ്ജ് ക്വിഗ്ലി എന്നയാളെയാണ് ലൂസിയാനയിലെ കെന്നർ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ തടയാൻ പോലീസ് നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ഇയാൾ കുടുങ്ങിയത്.
15 വയസ്സുകാരനായ ആൺകുട്ടിയെന്ന വ്യാജേന ഇൻ്റർനെറ്റിലൂടെ സംസാരിച്ച ഒരു അണ്ടർകവർ പൊലീസ് ഉദ്യോഗസ്ഥനുമായി നേരിട്ട് കാണാൻ സാന്താക്ലോസ് ഒരിടം നിശ്ചയിക്കുകയായിരുന്നു. ഓൺലൈൻ ചാറ്റുകൾക്കിടയിൽ ഇയാൾ സ്വന്തം അശ്ലീല ചിത്രങ്ങളും പൊലീസിന് അയച്ചുകൊടുത്തു. നിശ്ചയിച്ച സ്ഥലത്ത് എത്തിയ ഇയാളെ പൊലീസ് വളയുകയും, എതിർപ്പുകളൊന്നുമില്ലാതെ ഇയാൾ കീഴടങ്ങുകയുമായിരുന്നു.
പരമ്പരാഗത സാന്താക്ലോസിൻ്റെ രൂപ സാദൃശ്യമുള്ള ഇയാൾ, ക്രിസ്മസ് കാലങ്ങളിൽ കുട്ടികൾക്കൊപ്പം ചിത്രങ്ങൾ എടുക്കാനായി സാന്താക്ലോസിൻ്റെ വേഷം കെട്ടാറുണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. കുട്ടികളെ സാന്താക്ലോസിൻ്റെ മടിയിലിരുത്തി ചിത്രം പകർത്താൻ കൊണ്ടുവരുന്ന മാതാപിതാക്കൾക്ക് ഇതൊരു വലിയ മുന്നറിയിപ്പാണെന്ന് കെന്നർ പൊലീസ് ചീഫ് കീത്ത് എ. കോൺലി പറഞ്ഞു. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ടെക്സാസിൽ നിന്നും ന്യൂ ഓർലിയൻസിലേക്ക് താമസം മാറിയ ഇയാൾക്കെതിരെ കമ്പ്യൂട്ടർ മുഖേന പ്രായപൂർത്തിയാകാത്തവരെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതിനും, പ്രായപൂർത്തിയാകാത്തവരോടുള്ള മോശം പെരുമാറ്റത്തിനും കേസെടുത്തിട്ടുണ്ട്. പൊലീസിൻ്റെ ഈ പ്രത്യേക പരിശോധനയിൽ ഇയാൾ ഉൾപ്പെടെ 11 പേരാണ് അറസ്റ്റിലായത്. ഒളിവിലുള്ള മറ്റ് 10 പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
75-year-old man arrested in US for allegedly dressing up as Santa Claus to sexually exploit children















