വേൾഡ് കപ്പ് സ്റ്റേഡിയങ്ങൾക്ക് സമീപം ഡ്രോൺ പറത്തിയാൽ അറസ്റ്റ്; 500 ലധികം ഡ്രോണുകൾ പിടിച്ചെടുത്തു, കർശന സുരക്ഷയുമായി എഫ്.ബി.ഐ

വാഷിംഗ്ടൺ: ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന വേദികൾക്ക് സമീപം സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് അനധികൃതമായി ഡ്രോൺ പറത്തിയതിന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ വ്യാപക അറസ്റ്റ്. ലോകകപ്പ് ആതിഥേയ നഗരങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി എഫ്.ബി.ഐ, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ എന്നിവയുടെ നേതൃത്വത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മത്സരങ്ങൾ തുടങ്ങിയതു മുതൽ ഇതുവരെ നിയമം ലംഘിച്ച 500-ലധികം ഡ്രോണുകൾ അധികൃതർ പിടിച്ചെടുത്തു.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ലോകകപ്പ് സ്റ്റേഡിയങ്ങൾക്കും ഔദ്യോഗിക ഫാൻ ഫെസ്റ്റിവൽ വേദികൾക്കും ചുറ്റുമുള്ള പ്രദേശം അതീവ സുരക്ഷാ വ്യോമമേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പരിധിയിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നത് ഗുരുതരമായ ഫെഡറൽ കുറ്റകൃത്യമായി കണക്കാക്കുമെന്ന് എഫ്.ബി.ഐ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം ഹൂസ്റ്റണിലെ ഒരു പള്ളിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ജോൺ അലക്സാണ്ടർ മെസ (26) എന്ന ടെക്സാസ് സ്വദേശിക്കെതിരെ ഫെഡറൽ അധികൃതർ കേസെടുത്തു. ഡ്രോൺ പൈലറ്റ് ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ, നിയന്ത്രിത മേഖലയിൽ ഡ്രോൺ പറത്തിയതിനാണ് നടപടി. അറ്റ്ലാൻ്റയിലെ ഫാൻ ഫെസ്റ്റിവലിന് സമീപം ഡ്രോൺ പറത്തിയ ലോറെൻസോ റോജാസ്-മാർട്ടിനെസ് എന്നയാളെയും എഫ്.ബി.ഐ ജി.പി.എസ് (GPS) സഹായത്തോടെ പിടികൂടി. ഇയാൾ മുൻപ് നാടുകടത്തപ്പെട്ട ആളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇമിഗ്രേഷൻ വിഭാഗത്തിൻ്റെ കസ്റ്റഡിയിലാണ്. തൻ്റെ പങ്കാളിയുടെ റിയൽ എസ്റ്റേറ്റ് ബിസിനസ്സിന് വേണ്ടി ഫാൻ സോണിന് സമീപം ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പാട്രിക് ഫിലിപ്പ് ഹീർ എന്ന മറ്റൊരു വ്യക്തിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന 11 പ്രധാന സ്റ്റേഡിയങ്ങൾക്ക് ചുറ്റും ഡ്രോൺ നിരോധിത മേഖലകൾ നിലവിലുണ്ട്. സോഫി സ്റ്റേഡിയം (ലോസ് ആഞ്ചലസ്), എൽ.ഇ.വി.ഐ സ്റ്റേഡിയം (ബേ ഏരിയ), ലുമെൻ ഫീൽഡ് (സീറ്റിൽ), എ.ടി ആൻഡ് ടി സ്റ്റേഡിയം (ഡാളസ്), എൻ.ആർ.ജി സ്റ്റേഡിയം (ഹൂസ്റ്റൺ), മെഴ്സിഡസ് ബെൻസ് സ്റ്റേഡിയം (അറ്റ്ലാന്റ), ജിലിറ്റ് സ്റ്റേഡിയം (ബോസ്റ്റൺ), ഹാർഡ് റോക്ക് സ്റ്റേഡിയം (മിയാമി), ആരോഹെഡ് സ്റ്റേഡിയം (കാൻസസ് സിറ്റി), മെറ്റ്ലൈഫ് സ്റ്റേഡിയം (ന്യൂജേഴ്സി), ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡ് (ഫിലാഡൽഫിയ) എന്നിവയാണ് ഈ വേദികൾ.

എയർ ട്രാഫിക് കൺട്രോളിൻ്റെ പ്രത്യേക അനുമതിയില്ലാതെ, ഈ സ്റ്റേഡിയങ്ങൾക്ക് ചുറ്റുമുള്ള 3.5 മൈൽ ചുറ്റളവിലും ഭൂനിരപ്പിൽ നിന്ന് 3,000 അടി ഉയരത്തിലും ഡ്രോണുകൾ ഉൾപ്പെടെയുള്ള യാതൊരു വിമാനങ്ങൾക്കും പ്രവേശനമില്ല. ലോസ് ആഞ്ചലസ് മെമ്മോറിയൽ കൊളീസിയം, റോക്ക്ഫെല്ലർ സെൻ്റർ തുടങ്ങിയ പ്രമുഖ ഫാൻ സോണുകളിലും സമാനമായ നിയന്ത്രണങ്ങളുണ്ട്.

ലോകകപ്പുമായി ബന്ധമില്ലാത്ത ആവശ്യങ്ങൾക്കാണെങ്കിൽ പോലും നിയന്ത്രിത മേഖലയിൽ ഡ്രോൺ പറത്തുന്നത് നിയമവിരുദ്ധമാണ്. ഡ്രോൺ ഓപ്പറേറ്റർമാർ പറത്തുന്നതിന് മുൻപായി എഫ്.എ.എ വെബ്‌സൈറ്റിലോ ‘B4UFLY’ ആപ്പിലോ കയറി നിയന്ത്രണങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Arrests for flying drones near World Cup stadiums; Over 500 drones seized, FBI tightens security

More Stories from this section

family-dental
witywide