വീണാ ജോര്‍ജിനെതിരെ പരസ്യപ്രതികരണം; പത്മകുമാറിനെതിരെ നടപടി ; തരംതാഴ്ത്താന്‍ സിപിഎം തീരുമാനം

തിരുവനന്തപുരം : സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഇടം നേടാനാകാത്തതോടെ വിമര്‍ശനം ഉന്നയിച്ച പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം എ. പത്മകുമാറിനെതിരെ നടപടിയുണ്ടാകും. മന്ത്രി വീണാ ജോര്‍ജിനെ ക്ഷണിതാവാക്കിയതിനെതിരെയാണ് ഇദ്ദേഹം പരസ്യ പ്രതികരണം നടത്തിയത്.

പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമോ തൊട്ടുമുന്‍പോ പത്മകുമാറിനെതിരെ നടപടി ഉണ്ടാകും എന്നാണ് വിവരം. പത്മകുമാറിനെ തരംതാഴ്ത്താനാണ് സിപിഎം തീരുമാനം. ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി ബ്രാഞ്ച് അംഗം മാത്രമാക്കാനാണ് ആലോചന.

ആദ്യം പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്തെത്തുകയും, താന്‍ പറഞ്ഞത് തെറ്റായിപ്പോയെന്ന് പിന്നീട് മാറ്റിപറയുകയും ചെയ്തിരുന്നു പത്മകുമാര്‍. പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകാനാണ് പത്മകുമാര്‍ ആഗ്രഹിക്കുന്നത് എന്നാണ് സിപിഎം വിലയിരുത്തല്‍.