
തിരുവനന്തപുരം: ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള എ. പത്മകുമാറിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാതെ പാർട്ടി. അദ്ദേഹത്തെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യാൻ മാത്രമാണ് നിലവിൽ തീരുമാനമായിരിക്കുന്നത്. പത്മകുമാറിനെതിരെ പുറത്താക്കൽ ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികൾ ഉണ്ടാകുമെന്ന സൂചനകൾ ശക്തമായിരുന്നെങ്കിലും, ഒടുവിൽ പാർട്ടി സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
നടപടി കടുപ്പിച്ചാൽ പാർട്ടിയിലെ പല പ്രമുഖരുടെയും പങ്കും മറ്റ് രഹസ്യങ്ങളും താൻ തുറന്നുപറയുമെന്ന പത്മകുമാറിന്റെ ഭീഷണി ഫലം കണ്ടതായാണ് സൂചന. കടുത്ത നടപടി ഉണ്ടായാൽ എല്ലാം തുറന്നെഴുതിക്കൊണ്ട് ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം തന്റെ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. ഈ ഭീഷണിയാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നതിൽ നിന്നും പാർട്ടിയെ പിന്നോട്ട് വലിച്ചതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം.
അതേസമയം പത്മകുമാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ്. പാർട്ടിയുടെ പ്രതിച്ഛായ നിലനിർത്താൻ ശക്തമായ നടപടിയെടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് നിരവധി നേതാക്കൾ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സെക്രട്ടറിയേറ്റ് എടുത്ത സസ്പെൻഷൻ തീരുമാനം ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിച്ചതും അംഗീകരിച്ചതും.
Sabarimala Gold Scam Party Suspends Padmakumar Amid Threats to Reveal Internal Secrets













