എഡിജിപി അജിത് കുമാറിന് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്; കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് അനുകൂലമായി നിലകൊണ്ട് സര്‍ക്കാരും. എംആര്‍ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം നടന്നത്.

തുടര്‍ന്ന് അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്നായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട്. ഇന്നലെ കണ്ണൂരില്‍ നിന്നെത്തിയ മുഖ്യമന്ത്രി ഈ അന്വേഷണ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കുകയായിരുന്നു.

എന്നാല്‍, അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ കേസെടുക്കണമെന്ന ഡിജിപിയുടെ ശുപാര്‍ശയില്‍ നടപടിയില്ലാതെയാണ് റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത് എന്നതും ശ്രദ്ധേയം.