
തിരുവനന്തപുരം: ഏകദേശം മൂന്നാഴ്ചയോളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35ബി യുദ്ധവിമാനത്തിന്റെ തകരാർ പരിശോധിക്കാൻ എത്തിച്ച ബ്രിട്ടീഷ് സംഘത്തെ വഹിച്ച എയർബസ് എ400എം അറ്റ്‌ലസ് വിമാനം യുകെയിലേക്ക് മടങ്ങി. 21 അംഗ വിദഗ്ധ സംഘത്തെയും യുദ്ധ വിമാനം ശരിയാക്കാനുള്ള സാമഗ്രികളും തലസ്ഥാനത്തെത്തിച്ച ശേഷം ഞായറാഴ്ച വൈകിട്ട് 4:30-നാണ് എയർബസ് മടങ്ങിയത്. ജൂൺ 14-ന് പ്രതികൂല കാലാവസ്ഥയും ഇന്ധനക്ഷാമവും മൂലം എഫ്-35ബി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു.
ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ കാരണം വിമാനം നന്നാക്കാൻ കഴിയാതെ, ഒടുവിൽ 23 ദിവസത്തിന് ശേഷം ഞായറാഴ്ച എയർപോർട്ടിന്റെ എംആർഒ (മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ) ഹാംഗറിലേക്ക് മാറ്റി. 21 അംഗങ്ങളടങ്ങുന്ന ബ്രിട്ടീഷ് എഞ്ചിനീയറിംഗ് സംഘം വിമാനത്തിന്റെ പരിശോധനയ്ക്കും നന്നാക്കലിനുമായി കേരളത്തിൽ തുടരുകയാണ്.
110 മില്യൺ ഡോളർ വിലമതിക്കുന്ന ഈ അത്യാധുനിക യുദ്ധവിമാനം എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. ഇന്ത്യയുമായുള്ള സംയുക്ത നാവികാഭ്യാസത്തിനിടെ കേരള തീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് വിമാനം പ്രശ്നത്തിലായത്. തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെ വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി. സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള സുപ്രധാന സാങ്കേതിക രഹസ്യങ്ങൾ ചോർന്നേക്കുമെന്ന ആശങ്കയാൽ ബ്രിട്ടീഷ് നേവി എയർ ഇന്ത്യയുടെ ഹാംഗർ ഓഫറും ഇന്ത്യൻ വ്യോമസേനയുടെ എംആർഒ സൗകര്യവും ആദ്യം നിരസിച്ചിരുന്നു. എന്നാൽ, ഒടുവിൽ വിമാനം ഹാംഗറിലേക്ക് മാറ്റിയതോടെ, ബ്രിട്ടീഷ് സംഘം വിമാനം നന്നാക്കാനോ, അല്ലെങ്കിൽ ഭാഗങ്ങളായി വേർതിരിച്ച് സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ യുകെയിലേക്ക് കൊണ്ടുപോകാനോ ശ്രമിക്കുകയാണ്.












