തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ നടി തൃഷക്കെതിരായ പരാമർശത്തിൽ കസ്റ്റഡിയിലെടുത്തു. തഞ്ചാവൂരിലെ വസതിയിൽ നിന്നാണ് ഉദയനിധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴക വെട്രി കഴകം (ടിവികെ) വനിതാ വിഭാഗത്തിന്റെ പരാതിയിലാണ് തഞ്ചാവൂർ പൊലീസിന്റെ നടപടി. ഇന്ന് 12 മണിക്ക് മദ്രാസ് ഹൈക്കോടതി സ്റ്റാലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് നീക്കം.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിലാണ് നടപടി. അതിനാടകീയമായ നീക്കങ്ങൾക്കൊടുവിലാണ് പോലീസ് സ്റ്റാലിനെ കസ്റ്റഡിയിലെടുത്തത്. സ്റ്റാലിനെതി രേ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് അഡീഷണൽ കമ്മീഷണർ ഓഫ് പോലീസ് നരേന്ദ്ര നായർ പറഞ്ഞു. കസ്റ്റഡിയിലെടുക്കാൻ പോലീസ് എത്തിയതോടെ സ്റ്റാലിന്റെ വീടിനുമുന്നിൽ ഡിഎംകെ പ്രവർത്തകർ പ്രതിഷേധിക്കുകയും പോലീസുമായി ഉന്തും തള്ളുമുണ്ടായി.
മദ്രാസ് ഹൈക്കോടതിയിൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി ഉദയനിധി മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിക്കാത്ത പക്ഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട് തഞ്ചാവൂരില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഉദയനിധി അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്.
മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് ഉദയനിധി പ്രസംഗിക്കുന്നതിനിടെ ആള്‍ക്കൂട്ടത്തിനിടയിൽ നിന്ന് ചിലർ തൃഷ, തൃഷ എന്ന് വിളിച്ചു പറഞ്ഞു. ഇതിന് പിന്നാലെയാണ് തൃഷയെയും വിജയ്‌യെയും അപമാനിക്കുന്ന തരത്തില്‍ ഉദയനിധി ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയത്. പിന്നീട് താന്‍ ഒരു തമാശ പറഞ്ഞതാണെന്ന് പറഞ്ഞെങ്കിലും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഉദയനിധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുകയായിരുന്നു.
Udhayanidhi Stalin arrested over remarks against Trisha; DMK workers protest.









