കൃത്യമായി ഗൃഹപാഠം ചെയ്തില്ല, മഴ വീണ്ടും കേരളത്തെ പാഠം പഠിപ്പിച്ചു

കേരളത്തിൽ ഇപ്പോഴും അതി ശക്തമായ മഴ പെയ്യുകയാണ്. മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതിയും തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. പത്തനംതിട്ട ജില്ലയിലെ തിരുവല്ല മേഖലയിലാണ് ഏറ്റവും വലിയ ദുരിതം. 150-ലധികം വീടുകൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. വീടുകളുടെ മുകൾനിലകളിൽ കുടുങ്ങിക്കിടക്കുന്ന പലരും ഭക്ഷണവും വെള്ളവുമില്ലാതെ വലയുകയാണ്.

വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി സംസ്ഥാനത്ത് ആ ദിവസങ്ങളിൽ കിട്ടേണ്ട ശരാശരിയെക്കാൾ 245 ശതമാനം അധികമഴയാണു പെയ്തത്. ദീർഘകാല ശരാശരിപ്രകാരം ലഭിക്കേണ്ടിയിരുന്നത് 40.3 മില്ലിമീറ്ററാണ്; പെയ്തത് 139 മില്ലിമീറ്ററും. ഒരേസമയം വ്യാപകമായി ശക്തമായ മഴ പെയ്തതാണ് മിന്നൽപ്രളയത്തിനു കാരണമായതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അധികൃതർ പറയുന്നു. കുറഞ്ഞസമയത്തിനുള്ളിൽ അതിതീവ്രമഴ പെയ്താൽ നദികൾക്ക് താങ്ങാനാകില്ല. കൂടാതെ, അണക്കെട്ടുകൾ തുറന്നുവിട്ടതും സംസ്ഥാനത്തു പലേടത്തും പ്രളയസമാനസാഹചര്യമുണ്ടാക്കി. കഴിഞ്ഞുപോയ രണ്ടു പ്രളയങ്ങളിൽ നിന്നും കേരളം ഒന്നും പഠിച്ചില്ല എന്നു വേണം മനസ്സിലാക്കാൻ. കഴിഞ്ഞ പ്രളയത്തിൻഅറെ പാഠങ്ങൾ മനസ്സിലാക്കിയിരുന്നു എങ്കിൽ മുന്നൊരുക്കങ്ങൾ കൃത്യമായും വൃത്തിയായും നടത്തണമായിരുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലം മഴയുടെ സ്വഭാവം പ്രവചനാതീതമായ സാഹചര്യത്തിൽ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളെ കുറിച്ചോ വെള്ളം ഉൾക്കൊള്ളാനുള്ള നദികളുടേയും അണക്കെട്ടുകളുടേയും കഴിവു സംബന്ധിച്ചോ സംസ്ഥാനത്തിന് ഒരു ധാരണയുമില്ല. 2018ലെ പ്രളയ ശേഷം ഒരു മുന്നൊരുക്കവും സംസ്ഥാനം നടത്തിയിട്ടില്ല എന്നു വേണം കരുതാൻ. ഭരണകൂടത്തിന്റെ തയാറെടുപ്പുകളിലെ വീഴ്ചകളും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അതിതീവ്ര മഴകളും ചേർന്നു സൃഷ്ടിക്കപ്പെട്ട ദുരന്തമാണ് ഈ പ്രളയം. കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകൾ വൈകുന്നത് പതിവായിരിക്കുന്നു. ദുരന്ത നിവാരണ അതോറിറ്റിയിൽ ആകട്ടെ വിദഗ്ധർ ആരുമില്ല എന്ന അവസ്ഥയുമുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പുകൾ വരുമ്പോൾ എന്തൊക്കെ ചെയ്യണം എന്നതു സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് കൃത്യമായ ധാരണയുമില്ല.

കേന്ദ്രകാലാവസ്ഥാ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും ഭരണകൂടവും തമ്മിലുള്ള ഏകോപനം വളരെ പരിതാപകരമായ അവസ്ഥയിലുമായിരുന്നു.വെള്ളം കയറിത്തുടങ്ങിയ ശേഷമാണ് പല ക്യാംപുകളും തുറക്കുന്നത്. പാതി രാത്രി ഒരു മണിക്കാണ് ഡാം തുറക്കാൻ തീരുമാനിക്കുന്നത്. ജനത്തിന് വേണ്ട അലർട്ടുകളോ മുന്നറിയിപ്പോ വാഹനത്തിലുള്ള അനൌണസ്മെൻ്റോ ഉണ്ടായില്ല. നേരം ഇരുട്ടി വെളുത്തപ്പോൾ വീടും കടകളും മുഴുവൻ വെള്ളം കയറി നിറഞ്ഞ അവസ്ഥയുണ്ടായി.

വെള്ളം ഒഴുകിപ്പോകാനുള്ള വഴികൾ പലതും അടഞ്ഞുകിടക്കുകയാണ്. അവ തുറന്നു വിടാനോ വൃത്തിയാക്കാനോ ശ്രമങ്ങൾ നടത്തിയിട്ടില്ല. പരമ്പരാഗതമായി വെള്ളം ഒഴുകി പോയിക്കൊണ്ടിരുന്ന പല പാതകളിലും വൻ നിർമിതകൾ വന്ന് അവ വഴിമുട്ടി പോയ സാഹചര്യമുണ്ട്. ഒരു മാനദണ്ഡവും പാലിക്കാതെ വലയുകളും തണ്ണീർത്തടങ്ങളും നികത്തുന്നതും തുടരുകയും ചെയ്യുന്നു. കേരളത്തിലെ ഭൂമി കൊച്ചു കൊച്ചു കഷ്ണങ്ങളായി ഭാഗിക്കപ്പെടുകയും അതിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയരുകയും മരങ്ങളും ചെടികളും തുടച്ചു നീക്കപ്പെടുകയും ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ട്.

കാലാവസ്ഥാപ്രവചനങ്ങളുടെ പരിമിതി ബോധ്യപ്പെടുത്തിയ ദിനങ്ങളായിരുന്നു കഴിഞ്ഞുപോയത്. ജൂലായ് 31-ന് രാത്രി പത്തിന് കാലാവസ്ഥാവകുപ്പ് ഏഴുജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ് നൽകിയത്. ഓറഞ്ച് മുന്നറിയിപ്പ് ശക്തമായ മഴയ്ക്കുള്ള സാധ്യതയാണു പറയുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായിരുന്നു ഓറഞ്ച് മുന്നറിയിപ്പ്. എന്നാൽ, രാത്രി പത്തിനുശേഷം കാലാവസ്ഥ ആകെ മാറുന്നതാണുകണ്ടത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ സ്ഥിതി ചുവപ്പിലേക്ക് പൊടുന്നനെ കയറിപ്പോയി. അതിതീവ്രമഴയാണ് ഇവിടെ ഉണ്ടായത്. കേരളതീരത്ത് മേഘരൂപവത്കരണം ഉൾപ്പെടെയുള്ള മുന്നറിയിപ്പുകൾ പല ശാസ്ത്രജ്ഞരും കാലാവസ്ഥാസൈറ്റുകളും നൽകിയിട്ടും ഈ പൊടുന്നനെയുള്ള മാറ്റം പ്രവചിക്കാൻ കഴിഞ്ഞില്ല. എൽനിനോ പ്രതിഭാസത്തിന്റെഭാഗമായി ചെറിയൊരു സമയത്തിനുള്ളിൽ ഒരു സ്ഥലം കേന്ദ്രീകരിച്ച് കൂമ്പാരമേഘരൂപവത്കരണവുംമറ്റും ഉണ്ടായി അതിതീവ്രമഴ സംഭവിക്കാം. ഇത് ഏതുസമയവും നാം പ്രതീക്ഷിക്കണമെന്നാണ് ശാസ്ത്രസമൂഹം പറയുന്നത്. ഇത്തരം പൊടുന്നനെയുള്ള മാറ്റങ്ങളിൽ പ്രവചനം സാധ്യമല്ലെന്ന് അവർതന്നെ സമ്മതിക്കുന്നുമുണ്ട്. ആവശ്യത്തിന് മഴ മാപിനികൾ കേരളത്തിൽ ഇല്ല, അതിതീവ്ര മഴ മുൻകൂട്ടി അറിയാനുള്ള സംവിധാനവും ഇല്ല. ഓരോ പ്രദേശത്തേയും മഴയെ കുറിച്ച് പഠനം നടത്തുകയും വേണ്ട മുൻ കരുതലുകളും നടത്തുകയും വേണം. അതിന് ആവശ്യമായ പഠനം നടത്തേണ്ടതും അത്യാവശ്യമാണ്.

2018-ലെ പ്രളയത്തിനുശേഷം സംസ്ഥാനത്തെ നദികളിലും അണക്കെട്ടുകളിലും അടിഞ്ഞുകൂടിയ ചെളിയും മണലും പൂർണമായി നീക്കാത്തതുകാരണം, കനത്തമഴ പെയ്യുമ്പോൾ നാട്ടിൽ പെട്ടെന്നു വെള്ളംകയറുന്ന സ്ഥിതിയായിട്ടുണ്ട്. അടിയന്തരപരിഹാരംകാണേണ്ട പ്രശ്നമാണിത്. ചെളിയും എക്കലും അടിഞ്ഞുകൂടി ജലസേചനവകുപ്പിന്റെ അണക്കെട്ടുകളുടെ സംഭരണശേഷി നാല്പത്തിയെട്ടുശതമാനംവരെ കുറഞ്ഞതായി കഴിഞ്ഞവർഷം പഠനറിപ്പോർട്ട് വന്നിരുന്നു. പീച്ചിയിലെ എൻജിനിയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഈ പഠനത്തിനുശേഷവും പരിഹാരനടപടികൾ കൈക്കൊണ്ടതായി സൂചനയില്ല.

നിയതമായ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി സംസ്ഥാനത്തെ പതിനേഴു പുഴകളിൽനിന്നു മണൽവാരാൻ കഴിഞ്ഞവർഷം മേയിൽ സർക്കാർ അനുമതിനൽകിയിരുന്നു. റവന്യൂ വകുപ്പിന്റെ ഈ നീക്കത്തിന് മൈനിങ് ആൻഡ് ജിയോളജിവകുപ്പ് സാങ്കേതികതടസ്സമുന്നയിക്കുകയും നിയമപരമായ നൂലാമാലകൾ ഉടലെടുക്കുകയുംചെയ്തു. തടസ്സങ്ങൾ എത്രയുംവേഗം നീക്കി ഈ പ്രക്രിയ വേഗത്തിലാക്കാൻ സർക്കാർ വേണ്ടതുചെയ്യണം.

വെള്ളപ്പൊക്കകാലത്ത് കേരളം ഒറ്റക്കെട്ടായി നിൽക്കേണ്ടത് ആവശ്യമാണ്. പ്രളയത്തിന്റെ ആദ്യ ഘട്ടത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി ഔചിത്യമില്ലാതെ പെരുമാറിയ സാഹചര്യം വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഈ പ്രതിസന്ധി നേരത്ത് ജനത്തിനൊപ്പം ഉണ്ട് എന്ന തോന്നൽ ഉണ്ടാക്കേണ്ടത് തീർച്ചയായും ആവശ്യമായിരുന്നു. പകരം ഇതെൻ്റെ ശൈലി അല്ല നിലയിൽ ജനത്തെ വല്ലുവിളിക്കുന്നത് ശരിയായ കാര്യമല്ല.

More Stories from this section

family-dental
witywide