
ലോസ് ആഞ്ചലസ്: പ്രശസ്ത മെക്സിക്കൻ ബോക്സർ ജൂലിയോ സീസർ ഷാവേസ് ജൂനിയർ (39) അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെടുന്നു. യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐ.സി.ഇ) ഉദ്യോഗസ്ഥർ ബുധനാഴ്ച ലോസ് ആഞ്ചലസിലെ സ്റ്റുഡിയോ സിറ്റിയിൽ വെച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2023 ഓഗസ്റ്റിൽ ടൂറിസ്റ്റ് വിസയിൽ അമേരിക്കയിൽ പ്രവേശിച്ച ഷാവേസിന്‍റെ വിസ 2024 ഫെബ്രുവരിയിൽ കാലാവധി കഴിഞ്ഞിരുന്നു. തുടർന്ന് 2024 ഏപ്രിലിൽ ഫ്രിഡ മുൻസോയുമായുള്ള വിവാഹത്തിന്റെ അടിസ്ഥാനത്തിൽ സ്ഥിര താമസത്തിനായി അപേക്ഷിച്ചെങ്കിലും, തട്ടിപ്പ് ആരോപണത്തെ തുടർന്ന് അപേക്ഷ നിരസിക്കപ്പെട്ടു. മെക്സിക്കോയിൽ സിനലോവ കാർട്ടലുമായി ബന്ധപ്പെട്ട് സംഘടിത കുറ്റകൃത്യങ്ങൾ, ആയുധ കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ഷാവേസിനെതിരെ അറസ്റ്റ് വാറന്റ് നിലവിലുണ്ട്.
കാലിഫോർണിയയിലെ അനാഹൈമിൽ യൂട്യൂബർ-ബോക്സർ ജേക്ക് പോളിനെതിരെ നടന്ന ക്രൂയിസർവെയ്റ്റ് ബോക്സിംഗ് മത്സരത്തിന് ശേഷമായിരുന്നു ഷാവേസിന്‍റെ അറസ്റ്റ്. ലോസ് ആഞ്ജലീസിലെ വസതിയില്‍ നിന്നാണ് ഷാവേസിനെ അറസ്റ്റ് ചെയ്തത്. യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡി.എച്ച്.എസ്) പ്രകാരം, 2023 ഡിസംബറിൽ യു.എസ്. സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു.എസ്.സി.ഐ.എസ്) ചാവേസിനെ “ഗുരുതരമായ പൊതുജന സുരക്ഷാ ഭീഷണി” എന്ന് വിശേഷിപ്പിച്ചിരുന്നു. 2025 ജനുവരിയിൽ അനധികൃതമായി വീണ്ടും രാജ്യത്ത് പ്രവേശിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ നാടുകടത്തൽ നടപടികൾ ത്വരിതപ്പെടുത്തിയത്.
മെക്സിക്കോയിൽ, ഷാവേസിനെതിരെ 2023 മാർച്ചിൽ സംഘടിത കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ‘എനിക്ക് നാടുകടത്തപ്പെടാൻ താൽപ്പര്യമില്ല, ഒരുപാട് നല്ല ആളുകൾ ഇവിടെയുണ്ട്’ – എന്ന് ഷാവേസ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട് എന്നാൽ, യു.എസ്. അധികൃതർ അദ്ദേഹത്തെ സാൻ യസിഡ്രോ അതിർത്തി വഴി മെക്സിക്കോയിലേക്ക് നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചു. 2011ൽ ഡബ്ല്യു.ബി.സി മിഡിൽവെയ്റ്റ് ടൈറ്റിൽ നേടിയിട്ടുള്ള ഷാവേസ്, മെക്സിക്കൻ ബോക്സിംഗ് ഇതിഹാസം ജൂലിയോ സീസർ ഷാവേസിന്റെ മകനാണ്.















