‘വിശ്വാസത്തിന് വേണ്ടി പോരാടുകയും മരിക്കുകയും ചെയ്യുന്നത് ബഹുമതി’; ഐഎസിന് ധനസഹായം, കാലിഫോർണിയയിൽ ഒരാൾ അറസ്റ്റിൽ

വാഷിംഗ്ടൺ: വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയക്ക് (ISIS) പണം അയച്ചുവെന്നാരോപിച്ച് കാലിഫോർണിയയിലെ ലോംഗ് ബീച്ചിൽ നിന്ന് ഒരാളെ എഫ്ബിഐ അറസ്റ്റ് ചെയ്തു. നീതിന്യായ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഫിൻലൻഡ് സ്വദേശിയായ 28 വയസുള്ള മാർക്ക് ലോറെൻസോ വില്ലാനുവേവയാണ് പിടിയിലായത്. ഐസിസിന് സാമ്പത്തിക സഹായം നൽകാൻ ശ്രമിച്ച കുറ്റത്തിന് 20 വർഷം വരെ ഫെഡറൽ ജയിലിൽ ശിക്ഷിക്കപ്പെടാമെന്ന് നീതിന്യായ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.

ഈ വർഷം ആദ്യം സോഷ്യൽ മീഡിയ വഴി ഐസിസ് പോരാളികളാണെന്ന് സ്വയം പരിചയപ്പെടുത്തിയ രണ്ട് വ്യക്തികളുമായി വില്ലാനുവേവ ആശയവിനിമയം നടത്തിയിരുന്നതായി അന്വേഷകർ പറയുന്നു. ഈ സന്ദേശങ്ങളിൽ, ഐസിസിനെ പിന്തുണയ്ക്കാനുള്ള തന്‍റെ ആഗ്രഹം വില്ലാനുവേവ പ്രകടിപ്പിക്കുകയും ഗ്രൂപ്പിന്‍റെ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതിനായി പണം അയയ്ക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു.

നമ്മുടെ വിശ്വാസത്തിനുവേണ്ടി പോരാടുകയും മരിക്കുകയും ചെയ്യുന്നത് ഒരു ബഹുമതിയാണ്. സ്വർഗ്ഗത്തിലേക്ക് പോകാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണതെന്ന് വില്ലാനുവേവ ഐസിസ് പോരാളികൾക്ക് അയച്ച സന്ദേശത്തിൽ എഴുതിയതായി ആരോപിക്കപ്പെടുന്നു. അഞ്ച് മാസത്തിനിടെ, വില്ലാനുവേവ 12 തവണകളായി ആകെ 1,615 ഡോളർ വിദേശത്തേക്ക് പണം കൈകാര്യം ചെയ്യുന്ന രണ്ട് ഇടനിലക്കാർക്ക് അയച്ചതായി നീതിന്യായ വകുപ്പ് ഉദ്ധരിച്ച വെസ്റ്റേൺ യൂണിയൻ രേഖകൾ വ്യക്തമാക്കുന്നു. അറസ്റ്റിനിടെ, വില്ലാനുവേവയുടെ കിടപ്പുമുറിയിൽ നിന്ന് ബോംബെന്ന് സംശയിക്കുന്ന ഒരു ഉപകരണം കണ്ടെടുത്തതായി എഫ്ബിഐയുടെ ഫേസ്ബുക്ക്, എക്സ് അക്കൗണ്ടുകളിൽ പങ്കുവെച്ച ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.

More Stories from this section

family-dental
witywide