ചാര്‍ളി കിര്‍ക്കിന്റെ സംസ്‌കാരം ഞായറാഴ്ച, വിടപറയാന്‍ ട്രംപ് എത്തും, സുരക്ഷാ ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ട് ; അതീവ ജാഗ്രത

വാഷിംഗ്ടണ്‍ : യൂട്ടാ സര്‍വ്വകലാശാലയിലെ സംവാദ പരിപാടിക്കിടെ വെടിയേറ്റ് കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്കിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും. ചടങ്ങില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നവരെ ലക്ഷ്യമിട്ട് നിരവധി സുരക്ഷാ ഭീഷണികള്‍ ഉണ്ടെന്ന് ഫെഡറല്‍ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ അറിയിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, കിര്‍ക്കിന്റെ കുടുംബത്തിലെ അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ ചടങ്ങില്‍ എത്താനിരിക്കെയാണ് സുരക്ഷാ ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

‘ഈ വ്യക്തികളുടെയും മറ്റ് മുതിര്‍ന്ന യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സംസ്ഥാന, തദ്ദേശ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സാന്നിധ്യം മൂലവും അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രവുമാകുന്ന ചടങ്ങില്‍, അക്രമാസക്തരായ തീവ്രവാദികളും ഒറ്റപ്പെട്ട കുറ്റവാളികളും ആക്രമണം നടത്തിയേക്കാം’ എഫ്ബിഐ, ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്), സീക്രട്ട് സര്‍വീസ്, ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, പുകയില, തോക്കുകള്‍, സ്‌ഫോടകവസ്തുക്കള്‍ (എടിഎഫ്) എന്നിവയുള്‍പ്പെടെയുള്ള ഏജന്‍സികള്‍ പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു.

അതീവ സുരക്ഷാ ക്രമീകരണത്തോടെയാകും ചടങ്ങ് നടക്കുക. സൂപ്പര്‍ ബൗളിനോ ബോസ്റ്റണ്‍ മാരത്തണിനോ ഉള്ള അതേ സുരക്ഷയായിരിക്കും ശവസംസ്‌കാര ചടങ്ങിനും ഉണ്ടായിരിക്കുക.

ചാര്‍ളി കിര്‍ക്കിന്റെ ശവസംസ്‌കാര ചടങ്ങില്‍ നിരവധി പ്രമുഖര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ എറിക്ക കിര്‍ക്ക്, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് സെക്രട്ടറിമാരായ മാര്‍ക്കോ റൂബിയോ, റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍, പീറ്റ് ഹെഗ്‌സെത്ത്, തുള്‍സി ഗബ്ബാര്‍ഡ്, ഡോണള്‍ഡ് ട്രംപ് ജൂനിയര്‍, ടക്കര്‍ കാള്‍സണ്‍, സ്റ്റീഫന്‍ മില്ലര്‍, സെര്‍ജിയോ ഗോര്‍ എന്നിവരുള്‍പ്പെടെ ചടങ്ങിന്റെ ഭാഗമാകും. കൂടാതെ വലിയ ജനാവലിയേയും പ്രതീക്ഷിക്കുന്നുണ്ട്. രാവിലെ 11 മണിയോടെയാകും ചടങ്ങുകള്‍ തുടങ്ങുക.

More Stories from this section

family-dental
witywide