”ഇന്ത്യ യു.എസ് ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കും, അല്ലെങ്കില്‍ ഏപ്രില്‍ 2 മുതല്‍ അവര്‍ ഈടാക്കുന്നത് തന്നെ ഞങ്ങളും ഈടാക്കും”- ട്രംപ്

വാഷിംഗ്ടണ്‍ : ഇന്ത്യ യുഎസ് ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോണാള്‍ഡ് ട്രംപ്. അതേസമയം, ഏപ്രില്‍ 2 മുതല്‍ അവര്‍ ഈടാക്കുന്ന അതേ നിരക്ക് തന്നെ തങ്ങളും ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ബ്രൈറ്റ്ബാര്‍ട്ട് ന്യൂസിന് ബുധനാഴ്ച നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കുമെന്ന് വിശ്വസിക്കുന്നതായി വ്യക്തമാക്കിയത്. ‘അവര്‍ ആ താരിഫുകള്‍ ഗണ്യമായി കുറയ്ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, പക്ഷേ ഏപ്രില്‍ 2 മുതല്‍, അവര്‍ ഞങ്ങളില്‍ നിന്ന് ഈടാക്കുന്ന അതേ താരിഫുകള്‍ ഞങ്ങള്‍ അവരില്‍ നിന്നും ഈടാക്കും,’ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തിയതിന് ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും ട്രംപ് നിരന്തരം വിമര്‍ശിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് അമേരിക്ക ഇന്ത്യയില്‍ പരസ്പര താരിഫ് ചുമത്തിയിട്ടില്ലെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

അധികാരത്തിലേറിയതിനു പിന്നാലെ താരിഫ് യുദ്ധംകൊണ്ട് ലോകത്തെ ഞെട്ടിക്കുകയാണ് ട്രംപ്. ഏപ്രില്‍ രണ്ടുമുതല്‍ പരസ്പര താരിഫ് ചുമത്താന്‍ തയ്യാറെടുക്കുന്നുവെന്ന് നേരത്തെയും ട്രംപ് പറഞ്ഞത്.

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശന വേളയില്‍, ഇന്ത്യയും യുഎസും തങ്ങളുടെ ഉഭയകക്ഷി വ്യാപാരം 2030 ആകുമ്പോഴേക്കും ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ച് 500 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് ഇരു നേതാക്കളും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപ് വീണ്ടും തീരുവ യുദ്ധം മുറുക്കുകയും ഇന്ത്യയെ ഉള്‍പ്പെടെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തത്.

More Stories from this section

family-dental
witywide