അന്ന് ബൈ‍‍ഡന് സംഭവിച്ചപ്പോൾ ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ..! വിമാനത്തിലേക്ക് കയറവേ കാലിടറി ട്രംപ്, പഴയ കാര്യങ്ങൾ ഓര്‍മ്മിപ്പിച്ച് സോഷ്യൽ മീഡിയ

വാഷിംഗ്ടൺ: വിമാനത്തിലേക്ക് കയറവേ കാലിടറി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ന്യൂജേഴ്‌സിയിൽ എയർഫോഴ്‌സ് വണ്ണിലേക്ക് കയറുന്നതിടെയാണ് സംഭവം. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ക്യാമ്പ് ഡേവിഡിലേക്ക് പോകുന്നതിനായി എയർഫോഴ്‌സ് വണ്ണിലേക്ക് കയറുകയായിരുന്നു. മുന്‍ പ്രസിഡന്‍റ് ജോ ബൈഡനും ഇത്തരത്തില്‍ കാലിടറിയിട്ടുണ്ട്. എന്നാല്‍ ബൈഡന് പറ്റുന്ന ഇത്തരം വീഴ്ചകളെ കണക്കറ്റ് പരിഹസിക്കാൻ ട്രംപ് മറന്നിരുന്നില്ല. ഇതെല്ലാം ഓര്‍മ്മിപ്പിച്ച് ട്രംപിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റുകളാണ് വരുന്നത്.

അന്ന് ബൈഡന് സംഭവിച്ചപ്പോള്‍ വലതുപക്ഷ മാധ്യമങ്ങള്‍ ആ വാര്‍ത്തയ്ക്ക് പിന്നാലെ പോയി പുതിയ വ്യാഖാനങ്ങള്‍ സൃഷ്ടിച്ചെന്നും, ട്രംപിന്‍റെ കാര്യത്തില്‍ അതൊന്നും കാണുന്നില്ലെന്നുമായിരുന്നു ഒരു വിമര്‍ശനം. ‘ബൈഡൻ 2.0’ എന്നായിരുന്നു വേറൊരു കമന്‍റ്. ട്രംപിന് പ്രായമായെന്നും, പരിശോധന വേണമെന്നും കമന്‍റ് ചെയ്യുന്നവരുണ്ട്. പ്രസിഡന്‍റായിരുന്ന സമയത്ത് വിമാനത്തില്‍ കയറുന്നതിനിടെ ബൈഡന് പല തവണ കാലിടറിയിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ ലോസ് ഏഞ്ചൽസിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെ രണ്ട് തവണയാണ് കാലിടറിയത്. 2023 ഫെബ്രുവരിയിൽ പോളണ്ടിലെ വാർസോയിലുള്ള ചോപിൻ വിമാനത്താവളത്തിലും സമാന സംഭവം നടന്നിരുന്നു.

More Stories from this section

family-dental
witywide