കത്തോലിക്കാ സഭയിൽ വീണ്ടും പിളർപ്പ് ഭീഷണി? മാർപാപ്പയുടെ വിലക്ക് ലംഘിച്ച് നാല് ബിഷപ്പുമാരുടെ അഭിഷേകം, 1988-ലെ ചരിത്രം ആവർത്തിക്കുമോ?

ജനീവ: വത്തിക്കാൻ്റെയും ലിയോ പതിന്നാലാമൻ മാർപാപ്പയുടെയും കർശന വിലക്കുകൾ ലംഘിച്ചുകൊണ്ട് സ്വിറ്റ്സർലൻഡിലെ ഒരു ചെറിയ ഗ്രാമത്തിൽ വച്ച് നാല് പുതിയ കാത്തലിക് ബിഷപ്പുമാരുടെ അഭിഷേകം നടന്നു. കത്തോലിക്കാ സഭയിൽ ഇതൊരു വലിയ പിളർപ്പിന് കാരണമായേക്കുമെന്ന് വത്തിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീവ്ര യാഥാസ്ഥിതിക നിലപാടുകളുള്ള ‘സൊസൈറ്റി ഓഫ് സെൻ്റ് പയസ് ടെൻത്’ (SSPX) എന്ന സംഘടനയാണ് ഔദ്യോഗിക അനുമതിയില്ലാതെ ഈ ചടങ്ങ് നടത്തിയത്.

അമേരിക്ക, സ്വിറ്റ്സർലൻഡ്, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നാല് വൈദികരാണ് ബിഷപ്പുമാരായി ചുമതലയേറ്റത്. സ്വിറ്റ്സർലൻഡിലെ ഏകോൺ എന്ന ഗ്രാമത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനയ്യായിരത്തോളം വിശ്വാസികൾ ഒത്തുകൂടിയിരുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

തർക്കത്തിന് പിന്നിൽ നൂറ്റാണ്ടിൻ്റെ പഴക്കം

1960-കളിലും 70-കളിലും വത്തിക്കാൻ കൗൺസിൽ കൊണ്ടുവന്ന ആധുനിക നവീകരണങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന സംഘടനയാണ് സൊസൈറ്റി ഓഫ് സെൻ്റ് പയസ് ടെൻത്. പ്രാദേശിക ഭാഷകളിൽ കുർബാന ചൊല്ലുന്നതിന് പകരം ലത്തീൻ ഭാഷയിൽ മാത്രമേ കുർബാന നടത്താവൂ എന്ന് ഇവർ വാശിപിടിക്കുന്നു. കൂടാതെ, പുരോഹിതർ ജനങ്ങൾക്ക് അഭിമുഖമായി നിന്ന് കുർബാന അർപ്പിക്കുന്ന വത്തിക്കാൻ്റെ പരിഷ്കാരത്തെ ഇവർ എതിർക്കുന്നു. പാരമ്പര്യ രീതിയിൽ ജനങ്ങൾക്ക് പുറംതിരിഞ്ഞ് ബലിപീഠത്തിന് അഭിമുഖമായി മാത്രമേ കുർബാന നടത്താവൂ എന്നാണ് ഇവരുടെ നിലപാട്.

ഇതൊരു വലിയ തെറ്റാണെന്നും സഭയുടെ ഐക്യം തകർക്കുന്ന നീക്കത്തിൽ നിന്ന് പിന്മാറണമെന്നും വത്തിക്കാൻ മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് പൂർണ്ണമായും നിരസിച്ചുകൊണ്ടാണ് സംഘടന ചടങ്ങുകളുമായി മുന്നോട്ട് പോയത്.

പുറത്താക്കൽ നടപടി ഉണ്ടായേക്കും?

മാർപാപ്പയുടെ അനുമതിയില്ലാതെ ബിഷപ്പുമാരെ വാഴിക്കുന്നത് കത്തോലിക്കാ നിയമപ്രകാരം അതീവ ഗുരുതരമായ തെറ്റാണ്. മുൻപ് 1988-ൽ ഇതേ സംഘടന ബിഷപ്പുമാരെ വാഴിച്ചപ്പോൾ അന്നത്തെ മാർപാപ്പ അവരെ സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് 2009-ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സഭയിലെ ഭിന്നതകൾ പരിഹരിക്കാൻ ഈ പുറത്താക്കൽ നടപടി പിൻവലിച്ചെങ്കിലും, വത്തിക്കാനുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ സാധിച്ചിരുന്നില്ല. പുതിയ ബിഷപ്പുമാർക്കെതിരെയും വത്തിക്കാൻ സമാനമായ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആഗോളതലത്തിൽ 140 കോടിയിലധികം വിശ്വാസികളുള്ള കത്തോലിക്കാ സഭയുമായി താരതമ്യം ചെയ്യുമ്പോൾ സൊസൈറ്റി ഓഫ് സെൻ്റ് പയസ് ടെൻത് എന്ന സംഘടന ചെറുതാണെങ്കിലും (ഏകദേശം 6 ലക്ഷം അനുയായികൾ), അമേരിക്കയിലെ കാൻസാസ് ഉൾപ്പെടെയുള്ള പലയിടങ്ങളിലും ഇവർക്ക് ശക്തമായ സ്വാധീനവും വലിയ സാമ്പത്തിക സ്രോതസ്സുമുണ്ട്. സ്വിസ് വൈൻ ഉൾപ്പെടെയുള്ള സമ്മാനപ്പൊതികളും പ്രത്യേക തൊപ്പികളും വിതരണം ചെയ്തുകൊണ്ട് വലിയ ആഘോഷമായാണ് ഇത്തവണ ഇവർ ചടങ്ങുകൾ സംഘടിപ്പിച്ചത്. ഈ പരസ്യമായ വെല്ലുവിളി വത്തിക്കാന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Four new Catholic bishops were consecrated in a small village in Switzerland, defying strict restrictions from the Vatican and Pope

More Stories from this section

family-dental
witywide