ബോംബാക്രമണം നടന്ന ആണവനിലയങ്ങളിൽ ഐ.എ.ഇ.എ പരിശോധന അനുവദിക്കില്ല: കടുപ്പിച്ച് ഇറാൻ

ടെഹ്റാൻ: ഇറാൻ്റെ ആണവനിലയങ്ങളിൽ ബോംബാക്രമണമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാൻ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയിലെ (ഐ.എ.ഇ.എ) ഇൻസ്പെക്ടർമാർക്ക് അനുമതി നൽകുമെന്ന വാർത്തകൾ തള്ളി ഇറാൻ. ആക്രമണം നേരിട്ട ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ ഒരു കാരണവശാലും വിദേശ ഇൻസ്പെക്ടർമാരെ അനുവദിക്കില്ലെന്ന് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് വ്യക്തമാക്കി. ഔദ്യോഗിക മാധ്യമമായ ഐ.ആർ.ഐ.ബിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇറാൻ പാർലമെൻ്റും രാജ്യത്തെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലും പാസാക്കിയ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ഖാലിബാഫ് പറഞ്ഞു. ബോംബാക്രമണത്തിൽ തകർന്നതോ കേടുപാടുകൾ സംഭവിച്ചതോ ആയ സുരക്ഷാ മേഖലകളിലേക്ക് യാതൊരു സാഹചര്യത്തിലും വിദേശ പ്രതിനിധികൾക്ക് പ്രവേശനം നൽകരുതെന്ന് ഈ നിയമം വ്യക്തമാക്കുന്നുണ്ട്.

സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ നിശ്ചയിച്ചിട്ടുള്ള പ്രവേശന പരിധിക്കപ്പുറം ഒരു തരത്തിലുള്ള പ്രത്യേക ആനുകൂല്യങ്ങളും ഐ.എ.ഇ.എയ്ക്ക് നൽകില്ലെന്നും, കൗൺസിലിൻ്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് മാത്രമേ പരിശോധനകൾ സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പാർലമെൻ്റ് സ്പീക്കറുടെ ഈ കർശന നിലപാട് പുറത്തുവന്നിരിക്കുന്നത്.

Iran says it will not allow IAEA inspections at nuclear plants hit by bomb

More Stories from this section

family-dental
witywide