ഡോണൾഡ് ട്രംപിന്റെ ജനപ്രീതി കുത്തനെ ഉയരുന്നതായി സർവേ ഫലം; ലഭിച്ചത് 55 ശതമാനം അംഗീകാര റേറ്റിങ്

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ്റ് ഡോണൾഡ് ട്രംപിന്റെ ജനപ്രീതി കുത്തനെ ഉയരുന്നതായി ഡെയ്‌ലി മെയിൽ, ജെ.എൽ. പാർട്‌ണേഴ്‌സ്‌ എന്നിവർ സംയുക്‌തമായി നടത്തിയ പുതിയ സർവേ ഫലം. 55 ശതമാനം അംഗീകാര റേറ്റിങ് ആണ് ട്രംപിന് ലഭിച്ചത്. ഓഗസ്‌റ്റ് 21 മുതൽ സെപ്റ്റംബർ 1 വരെ 867 രജിസ്‌റ്റർ ചെയ്ത വോട്ടർമാരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ കുടിയേറ്റം, കുറ്റവാളികളെ നാടുകടത്തൽ തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് സ്വീകരിച്ച കർശന നിലപാടുകളാണ് ജനപ്രീതി വർധനവിന് പ്രധാന കാരണമായി വിലയിരുത്തുന്നത്.

ട്രംപിന്റെ പുതിയ നയമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന നീക്കത്തിന് 80 ശതമാനം പേരുടെ പിന്തുണയുണ്ട്. ഇതിൽ 88% റിപ്പബ്ലിക്കൻമാരും, 80% സ്വതന്ത്ര വോട്ടർമാരും, 72% ഡെമോക്രാറ്റുകളും ഉൾപ്പെടുന്നുണ്ടെന്നാണ് സർവേ പറയുന്നത്. അതിർത്തി സംരക്ഷണം, താരിഫ് വരുമാനം വർധിപ്പിക്കൽ, തലസ്‌ഥാന നഗരിയിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കൽ എന്നിവയിൽ ട്രംപിന്റെ ഭരണകൂടം വിജയിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ പ്രതികരിച്ചു.

ട്രംപിന്റെ ‘അമേരിക്ക ഫസ്‌റ്റ്’ അജണ്ട മികച്ച ഫലങ്ങൾ നൽകുന്നതായും അവർ കൂട്ടിച്ചേർത്തു. 55 ശതമാനം അംഗീകാര റേറ്റിങ് ലഭിച്ചത് ട്രംപിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ഉയർന്ന ജനപ്രീതിയാണിതെന്ന് ജെ.എൽ. പാർട്ണേഴ്സിൻ്റെ സഹസ്‌ഥാപകൻ ജെയിംസ് ജോൺസൺ വ്യക്തമാക്കി. മറ്റൊരു സർവേയിൽ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിനെക്കാൾ മുന്നിലാണ്.

More Stories from this section

family-dental
witywide