ആഘോഷിച്ചാട്ടെ! ഐ ഫോൺ പ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത, സാക്ഷാൽ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് സേവനം ഇനി നേരിട്ട് ലഭിക്കും

സാക്ഷാൽ ഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്കുമായി ചേർന്ന് ഇന്റർനെറ്റ് രംഗത്ത് നിർണായക ചുവടുവെപ്പ് നടത്താൻ ആപ്പിൾ. ഐഫോണുകളിൽ സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് നേരിട്ട് ലഭ്യമാക്കാനുള്ള പദ്ധതികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ ഐഫോണുകളിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഉപയോഗിക്കാനായി ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ അംഗീകാരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സാറ്റലൈറ്റ് സേവനത്തിന്റെ ട്രയൽ ആരംഭിക്കുകയും ചെയ്തിരുന്നു.

ഇതോടെ സ്റ്റാർലിങ്കിന്റെ ഡയറക്ട്-ടു-സെൽ സേവനം പരീക്ഷിക്കാൻ ആപ്പിളിന്റെ ഐഫോൺ ഉപകരണങ്ങൾ യോഗ്യത നേടി. നിലവിൽ ടെക്സ്റ്റ് സന്ദേശങ്ങളാണ് നൽകാൻ സാധിക്കുക. ഭാവിയിൽ വോയ്‌സ്- ഡാറ്റ സേവനങ്ങളും ലഭ്യമാക്കുമെന്നാണ് ടെക് ലോകത്തെ ഏറ്റവും പുതിയ വാർത്ത. തിരഞ്ഞെടുത്ത ആൻഡ്രോയിഡ് ഫോണുകൾക്കും ഇത്തരത്തിൽ ട്രയൽ പരിശോധനയ്ക്ക് അനുമതി ലഭിച്ചിരുന്നു.

അതേസമയം ആപ്പിളിന്റെ ഐഒഎസ് 18.3 സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിൽ പ്രവർത്തിക്കുന്ന ഐഫോണുകൾക്ക് മാത്രമാണ് നിലവിൽ സ്റ്റാർലിങ്ക് സേവനം ഉപയോഗിക്കാൻ സാധിക്കുകയുള്ളു. ആപ്പിളും സ്‌പേസ് എക്‌സും തമ്മിലുള്ള പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. ആൻഡ്രോയിഡ് 15 അപ്‌ഡേഷനിൽ പ്രവർത്തിക്കുന്ന സാംസങ് Z ഫോൾഡ്, എസ് 24, എന്നിവയിൽ സാറ്റലൈറ്റ് ഡയറക്ട് ടു സെൽ സേവനം ലഭിക്കാറുണ്ട്.