
വാഷിംഗ്ടൺ: വിദേശ സർക്കാരുകളിൽ നിന്ന് രഹസ്യമായി പണം സ്വീകരിച്ചെന്ന ആരോപണങ്ങളും ഐഫോൺ ചോർത്തപ്പെട്ടെന്ന റിപ്പോർട്ടും ശക്തമായി എതിർത്ത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്നർ. മാധ്യമപ്രവർത്തകനായ മാത്യു കോളിന്റെ വരാനിരിക്കുന്ന പുസ്തകത്തിലാണ് മുൻ വൈറ്റ് ഹൗസ് ഉപദേഷ്ടാവായ കുഷ്നറിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുള്ളത്. യു.എസ് വിദേശനയത്തെ സ്വാധීനിക്കുന്നതിനായി മിഡിൽ ഈസ്റ്റ് നേതാക്കളിൽ നിന്ന് രണ്ട് ബില്യൺ ഡോളറിലധികം വരുന്ന ‘സ്ലഷ് ഫണ്ട്’ കുഷ്നർ കൈകാര്യം ചെയ്തു എന്നാണ് പുസ്തകത്തിലെ പ്രധാന ആരോപണം.
വ്യാഴാഴ്ച പുറത്തിറങ്ങിയ പുസ്തകത്തിന്റെ ഭാഗങ്ങളിലാണ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് മിഡിൽ ഈസ്റ്റ് നയങ്ങളിൽ നിർണായക പങ്കുവഹിച്ച കുഷ്നറിനെതിരെയുള്ള വിവരങ്ങളുള്ളത്. മിഡിൽ ഈസ്റ്റിലെ സമാധാന ചർച്ചകളിലും ഗൾഫ് രാജ്യങ്ങൾ, ചൈന, റഷ്യ എന്നിവയുമായുള്ള നയപരമായ ഇടപാടുകളിലും കുഷ്നർ സജീവമായിരുന്നു.
ആരോപണങ്ങൾ തികഞ്ഞ അസംബന്ധവും ഒരിക്കലും നടക്കാത്ത കാര്യവുമാണെന്ന് ജാറെഡ് കുഷ്നറും അദ്ദേഹത്തിന്റെ നിയമസംഘവും വ്യക്തമാക്കി. ആരോപണങ്ങൾ തികച്ചും വ്യാജവും അപകീർത്തികരവുമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുഷ്നറുടെ അഭിഭാഷകൻ മുന്നറിയിപ്പ് നൽകി.
വാനിറ്റി ഫെയർ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഭാഗങ്ങൾ പ്രകാരം, 2017-ൽ റഷ്യൻ ചാരന്മാരിൽ ഒരാളെ വഴിതിരിച്ചുവിട്ട ഡച്ച് രഹസ്യാന്വേഷണ ഏജൻ്റുകളാണ് കുഷ്നറിന്റെ ഐഫോൺ റഷ്യക്കാർ ചോർത്തിയിരുന്ന വിവരം കണ്ടെത്തിയത്. കുഷ്നർ ഫോൺ ഉപയോഗിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്ക്രീനിൽ കാണുന്ന കാര്യങ്ങൾ നിരീക്ഷിക്കാൻ റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് കഴിഞ്ഞിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അസർബൈജാനിലെ ബാങ്കിൽ നിന്ന് നൂറുകണക്കിന് ദശലക്ഷം ഡോളർ ലഭിച്ച യു.എഇയുടെ ഒരു അക്കൗണ്ടിലേക്ക് കുഷ്നർ ലോഗിൻ ചെയ്യുന്നത് ഡച്ച് ചാരന്മാർ കണ്ടതായും ആരോപണമുണ്ട്. സൗദി അറേബ്യയുടെയും യു.എഇയുടെയും നേതാക്കൾ ഇസ്രായേൽ സെൻട്രൽ ബാങ്കിലെ അക്കൗണ്ട് ഉൾപ്പെടെ ജാറെഡ് കുഷ്നറുമായി ബന്ധപ്പെട്ട വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കുറഞ്ഞത് 2 ബില്യൺ ഡോളറെങ്കിലും നിക്ഷേപിച്ചതായി പുസ്തകം അവകാശപ്പെടുന്നു. ഔദ്യോഗിക സർക്കാർ സ്ഥാപനങ്ങളുടെയോ ചാരിറ്റികളുടെയോ മറവിലാണ് ഈ അക്കൗണ്ടുകൾ പ്രവർത്തിച്ചിരുന്നതെന്നും, ഇസ്രായേൽ – ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഔദ്യോഗികമല്ലാത്ത നയതന്ത്ര ലക്ഷ്യങ്ങൾക്കാണ് ഈ പണം ഉപയോഗിച്ചതെന്നും പുസ്തകത്തിൽ പറയുന്നു. ഈ വിവരങ്ങൾ ഇതുവരെ മാധ്യമങ്ങൾക്കോ മറ്റ് ഏജൻസികൾക്കോ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.











